ന്യൂഡല്‍ഹി: ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പത്ത് മിനിറ്റ് കൊണ്ട് ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും ഡെലിവറി ചെയ്യുന്ന പത്ത് മിനിറ്റ് ഡെലിവറി സേവനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ക്വിക്ക് കോമേഴ്‌സ് സ്ഥാപനങ്ങള്‍ സേവനം നിര്‍ത്താന്‍ സമ്മതിച്ചു. കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ക്വക്ക് കോമേഴ്‌സ് സ്ഥാപനങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഡെലിവറിക്കായുള്ള പത്തു മിനിറ്റ് സമയപരിധിയില്‍ മാറ്റം വരുത്താനാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി കേന്ദ്രമന്ത്രി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഈ സേവനം നിര്‍ത്താന്‍ തീരുമാനിച്ചത്. കമ്പനികള്‍ അവരുടെ ബ്രാന്‍ഡ് പരസ്യങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഈ പത്തുമിനിറ്റ് ഡെലിവറി സേവനം നീക്കം ചെയ്യുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഇതിന് പിന്നാലെ ബ്ലിങ്കിറ്റ് 10 മിനിറ്റ് ഡെലിവറി വാഗ്ദാനം അതിന്റെ ബ്രാന്‍ഡിങ്ങില്‍ നിന്ന് നീക്കം ചെയ്തു. വരും ദിവസങ്ങളില്‍ മറ്റ് അഗ്രഗേറ്റര്‍മാരും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഡെലിവറി ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ, മെച്ചപ്പെട്ട ജോലി സാഹചര്യങ്ങള്‍ എന്നിവ ഉറപ്പാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. 10 മിനിറ്റ് ഡെലിവറി ഓപ്ഷനുകള്‍ നീക്കം ചെയ്യണമെന്നും മുമ്പത്തെ പേഔട്ട് ഘടനകള്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗിഗ് വര്‍ക്കര്‍ യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെയാണിത്.സ്വിഗ്ഗി, സൊമാറ്റോ, സെപ്റ്റോ, ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട ഡെലിവറി തൊഴിലാളികളെയും ഡ്രൈവര്‍മാരെയും പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സിന്റെ ബാനറിലാണ് പണിമുടക്ക് സംഘടിപ്പിച്ചത്.














