കൽപ്പറ്റ: വയനാട് ആസ്ഥാനമായി പുതിയ സർവ്വകലാശാല പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്ന് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.കെ.കെ.എന്‍. കുറുപ്പ് കൽപ്പറ്റയിൽ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പിന്നാക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയ 112 ജില്ലകളില്‍ ഒന്നാണ് വയനാട്.
വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചുമാത്രമേ വയനാടിന് ഇനി പിന്നാക്കാവസ്ഥയില്‍നിന്നു മുന്നേറാനാകൂ.. പട്ടികവര്‍ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ഇതില്‍ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് പുതിയ യൂണിവേഴ്‌സിറ്റിയുടെ ആവശ്യം താൻ ഉയർത്തുന്നത്.. പരമ്പരാഗത രീതിയിലുള്ള സര്‍വകലാശാലയ്ക്കുപകരം കാലാനുസൃതമായ മാറ്റങ്ങളോടെ ആധുനിക കോഴ്‌സുകള്‍ അഭ്യസിപ്പിക്കുന്നതാകണം പുതിയ യൂണിവേഴ്‌സിറ്റി. പ്രൊഫ..മാധവ് ഗാഡ്ഗില്‍ യൂണിവേഴ്‌സിറ്റി, വയനാട് യൂണിവേഴ്‌സിറ്റി, വെസ്റ്റേണ്‍ഘട്ട് യൂണിവേഴ്‌സിറ്റി, ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നീ പേരുകളിലൊന്ന് പുതിയ സര്‍വകലാശാലയ്ക്കു നല്‍കാവുന്നതാണ്. മലബാര്‍ എഡ്യുക്കേഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ എന്ന നിലയില്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപനത്തിനു സാധ്യമായ സമ്മര്‍ദം സര്‍ക്കാരില്‍ ചെലുത്തുന്നുണ്ട്. പട്ടികവര്‍ഗത്തിലെ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനത്തിനുശേഷം എന്തു ചെയ്യുന്നുവെന്ന് സർവ്വേയിലൂടെ കണ്ടെത്തണം.
ഈ സർക്കാരിന്റെ കാലത്തു തന്നെ അടിയന്തരമായി വയനാട്ടിൽ സർവുകലാശാല തുടങ്ങാൻ ഒരു ഓഫീസ് ആരംഭിക്കണം. ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാർ തോമസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ആവശ്യമായ പിന്തുണയും സൗകര്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മുട്ടിൽ ഡബ്ല്യൂ. എം.ഒ. കോളേജും ഇതേ രീതിയിൽ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.വയനാട് ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ഉള്‍പ്പെടെ വിഷയങ്ങള്‍ മുന്‍നിര്‍ത്തി മാര്‍ച്ച് 14,15, 16 തീയതികളില്‍ ബത്തേരിയില്‍ എടക്കല്‍ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ബത്തേരി രൂപത തീരുമാനിച്ചിട്ടുണ്ട്. ബത്തേരി രൂപതയുടെ സന്നദ്ധ പ്രസ്ഥാനമായ ശ്രേയസ് ഫെസ്റ്റിനു നേതൃത്വം നല്‍കും.
ഇതുമായി ബന്ധപ്പെട്ട ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസുമായി ചര്‍ച്ച നടത്തിയിരുന്നു. എടക്കല്‍ റോക്ക് ഷെല്‍ട്ടറിന്റെ ചരിത്ര പ്രാധാന്യം ഉള്‍പ്പെടെ വിഷയങ്ങളില്‍ സെമിനാര്‍, എക്‌സിബിഷന്‍ എന്നിവ എടക്കല്‍ ഫെസ്റ്റിന്റെ ഭാഗമായിരിക്കും.ജില്ലയില്‍ ആയിരക്കണക്കിനു ഏക്കര്‍ പാടം തരിശുകിടക്കുന്ന സാഹചര്യം ഒഴിവാകണം. വയലില്‍ നെല്‍ക്കൃഷി ഇറക്കുന്നതിനു കര്‍ഷകര്‍ക്കും കൂട്ടായ്മകള്‍ക്കും മതിയായ പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നല്‍കണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തില്‍നിന്നു കൃഷിക്കാര്‍ പിന്‍വാങ്ങണം. രാസവളങ്ങളുടെ അമിതപ്രയോഗമാണ് ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന വാഴക്കുലകള്‍ക്ക് വിപണികളില്‍ ഡിമാന്‍ഡ് കുറയാന്‍ കാരണം. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിമുറകളില്‍ കാലത്തിനൊത്ത പരിശീലനം ലഭ്യമാക്കണമെന്നും കേരളീയം കാര്‍ഷിക സമിതി അധ്യക്ഷനുമായ ഡോ.കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. കാര്‍ഷിക സമിതി പ്രവര്‍ത്തകന്‍ ഡോ.അമ്പി ചിറയിലും അദ്ദേഹത്തോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.














