പുല്പള്ളി :പുല്പള്ളി ക്ഷീര സഹകരണ സംഘത്തിൽ ക്ഷീര വികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ തരുവണയിലെ ആർവാൾ സ്വദേശിനി മൈമൂന മജീദ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി തള്ളിയതായി കല്പറ്റ ഉപഭോക്തൃ സംരക്ഷണ കോടതി വ്യക്തമാക്കി.2023 ൽ അഞ്ചു പശുവിനെ വാങ്ങിയ പരാതിക്കാരി മാസങ്ങൾക്ക് ശേഷം പശുവിന് അസുഖം ബാധിച്ചു മരിച്ചെന്നു പറഞ്ഞു കോടതിയെ സമീപിച്ചു. പശുക്കൾക്ക് ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡിയും ഇൻഷുറൻസ് തുകയും മേടിച്ചു എടുകുകയും ചെയ്തതിന് ശേഷമാണ് പരാതിയുമായി രംഗത്ത് വന്നതെന്ന് കോടതി കണ്ടെത്തി. ഇതേ വിഷയം ഉന്നയിച്ച് നേരത്തെ പോലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകിയെങ്കിലും പരാതിയിൽ കഴമ്പില്ല എന്ന് കണ്ടെത്തി തള്ളി കളഞ്ഞിരുന്നു.പശുക്കളെ നൽകുമ്പോൾ അസുഖങ്ങൾ ഇല്ലായിരുന്നു എന്ന് കിടാരി പാർക്കിലെ ഡോക്ടറും വാങ്ങിയപ്പോൾ അസുഖങ്ങൾ ഇല്ലായിരുന്നു എന്ന് വെള്ളമുണ്ടയിലെ വെറ്റിനറി ഡോക്ടറും സാക്ഷ്യപെടുത്തി. പരാതിക്കാരിക്ക് ഈ മേഖലയിൽ വേണ്ടത്ര മുൻ പരിചയം ഇല്ലാത്തതും കോടതി വിലയിരുത്തി. സംസ്ഥാന സർക്കാർ ജില്ലയിലാരംഭിച്ച ഏക കിടാരി പാർക്കിൽ കഴിഞ്ഞ മാസമാണ് 1000 മത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചു റാണി തന്നെ നേരിട്ടെത്തിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന കിടാരി പാർക്കിനെതിരെ നൽകിയ വ്യാജ പരാതിയിൽ ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നും ക്ഷീര കർഷകർ പിന്തുണ നൽകണമെന്നും സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി അഭ്യർത്ഥിച്ചു.














