ഡൽഹിയിൽനിന്നും ബംഗാളിലേക്കു സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനു ലക്നൗ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്. ഞായറാഴ്ച രാവിലെയാണ് വിമാനം അടിയന്തര ലാൻഡിങ്ങിനു വിധേയമാക്കിയത്. വിമാനത്തിന്റെ ശുചിമുറിയിൽനിന്നും ലഭിച്ച കടലാസിൽ എഴുതിയ ബോംബ് ഭീഷണിയെ തുടർന്നാണ് സംഭവം.വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കൈ കൊണ്ടെഴുതിയ നിലയിലാണ് ബോംബ് ഭീഷണി കണ്ടെത്തിയത്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 238 പേരാണുണ്ടായിരുന്നത്. തുടർന്ന് അടിയന്തരമായി ലക്നൗവിൽ വിമാനം ഇറക്കിയതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം നിലത്തിറക്കിയ ശേഷം ബോംബ് സ്ക്വാഡ് എത്തി യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്തിനുള്ളിൽ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ 8:46 ഓടെയാണ് വിമാനത്തിലെ ബോംബ് ഭീഷണിയെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തൊട്ടുപിന്നാലെ 9:17 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.














