Wayanad

നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു

പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു.

ജനപ്രതിനിധികളായി വിജയിച്ച് വന്നവർ പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ളവരും, അവരെ കേൾക്കാൻ സമയവും,മനസ്സും ഉള്ളവരാകണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ പറഞ്ഞു. പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത മുഴുവൻ ജനപ്രതിനിധികളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കുകയുണ്ടായി. നാടിൻ്റെ വികസന കാര്യങ്ങളിൽ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും കടമയുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. എസ്.ദിലീപ്കുമാർ പറഞ്ഞു.

മുമ്പ് ഹോസ്പിറ്റൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പുൽപ്പള്ളി ടൗണിലെ ഭൂമിയിൽ താലൂക്ക് ആശുപത്രി സ്ഥാപിക്കുക, പ്രദേശത്ത് അടിയന്തിരമായി ഫയർ സ്റ്റേഷൻ കൊണ്ടുവരുക,കടമാൻതോട് പദ്ധതിയുടെ ആശങ്കകൾ പരിഹരിക്കുക,വയനാടിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുന്ന ചേകാടി റോഡ് വീതി കൂട്ടി നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് മുൻഗണന നൽകുക, വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ ചെയ്യുന്ന താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി വനത്തിന് ചുറ്റും ഉയരമുള്ള കോൺക്രീറ്റ് മതിലുകളും, മതിലിനു ഫെൻസിംഗ് സംവിധാനവും സ്ഥാപിച്ചുകൊണ്ട് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, മാലിന്യനിർമാർജനത്തിന് ശാസ്ത്രീയ മാർഗങ്ങൾ കണ്ടെത്തുക,തെരുവുനായ പ്രശ്നം അടിയന്തരമായി പരിഹരിക്കുക,

ഭാവിതലമുറയ്ക്കായി അമ്പെയ്ത്ത് കേന്ദ്രത്തോട് ചേർന്ന് പ്ലേഗ്രൗണ്ട് നിർമ്മിക്കുക,ഒഴിഞ്ഞുകിടക്കുന്ന പഴയ ഹോസ്പിറ്റൽ ബിൽഡിങ്ങിൽ അടിയന്തരമായി ഡയാലിസിസ് സെൻ്റർ പ്രവർത്തനക്ഷമാക്കുക, ടൗൺ മനോഹരമാക്കിയെടുക്കുന്നതിനോടൊപ്പം ഇ. ടോയ്‌ലറ്റുകൾ സ്ഥാപിക്കുക, ബസ്സ്റ്റാൻഡ് നവീകരിക്കുന്നതിനോടൊപ്പം തകർന്നു കിടക്കുന്ന ഓടകൾ നന്നാക്കുക,ടൗൺ വൃത്തിഹീനമാകുന്ന രീതിയിൽ മുറുക്കി തുപ്പുന്നതിനെതിരെ നിയമം കൊണ്ടുവരുക എന്നീ വിഷയങ്ങളിൽ സജീവമായി ചർച്ചകൾ നടക്കുകയുണ്ടായി. സാധ്യമാകുന്ന എല്ലാ മേഖലകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് വ്യാപാരി സമൂഹം ചൂണ്ടിക്കാണിച്ച മേൽക്കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതാണെന്ന് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തു.പുൽപള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഴുവൻ ജനപ്രതിനിധികളെയും ഷാൾ അണിയിച്ച് ആദരിക്കുകയുണ്ടായി. വരാൻ പോകുന്ന അഞ്ചുവർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് ഈ സ്വീകരണ സമ്മേളനം ഒരു ദിശാബോധം നൽകിയെന്ന് ജനപ്രതിനിധികൾ ഒറ്റക്കെട്ടായി മറുപടി പ്രസംഗത്തിലൂടെ പറയുകയുണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്,പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.ബാലകൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജാ കൃഷ്ണൻ,അജിമോൻ കെ. എസ്,ഷാജിമോൻ പി.എ, ഷിബിൻ വി കെ,ജോബിഷ് യോഹൻ,ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പ്രസംഗിച്ചു.ജോസ് കുന്നത്ത്,പി.എം. പൈലി, ഇ.കെ. മുഹമ്മദ്, റഫീഖ് കെ.വി,കെ.ജോസഫ്, വേണുഗോപാൽ,ഹംസ ഫ്രണ്ട്സ്,ബാബു മാക്കിയിൽ,ബാബു രാജേഷ്,പ്രസന്നകുമാർ, പ്രഭാകരൻ,സജി വർഗീസ്, കെ.കെ.അനന്തൻ,ഗിരീഷ് വർണ്ണം,ഹാരിസ്,നിതിൻ പെർഫെക്റ്റ് ,സുനിൽ ജോർജ്,ശിവദാസ്,ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.