National

വിവാഹമോചന ഹർജി നൽകി; ദമ്പതിമാര്‍ക്കു വേറിട്ട ഉപദേശം നൽകി സുപ്രീം കോടതി

ന്യൂഡൽഹി∙ വിവാഹമോചന നടപടികളുമായി മുന്നോട്ടു നീങ്ങിയ ദമ്പതിമാര്‍ക്കു വേറിട്ട ഉപദേശം നൽകി സുപ്രീം കോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളഞ്ഞ് പുതിയ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ചാണ് ദമ്പതികളെ അനുനയിപ്പിക്കാനുള്ള മാർഗം സ്വീകരിച്ചത്. കേസ് മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

ഫാഷൻ സംരംഭകയായ യുവതിയും പാക്കേജ്‍ഡ് ഫുഡ് കമ്പനി ഉടമയായ യുവാവുമാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഇരുവരും 2023 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്. ഇവർക്ക് 3 വയസ്സുള്ള കുട്ടിയുണ്ട്. വിവാഹമോചന കേസ് നടക്കുന്നതിനാൽ കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതി തേടി യുവതി ഹർജി നൽകിയിരുന്നു. രേഖകളിൽ ഒപ്പ് വയ്ക്കാൻ ഭർത്താവ് തയാറാകുന്നില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു യുവതിയുടെ പരാതി. കുട്ടിയെ കൂട്ടി ഭാര്യ വിദേശത്തേക്കു പോയാൽ പിന്നീട് മടങ്ങി വരാൻ സാധ്യതയില്ലെന്നും തനിക്ക് കുട്ടിയെ കാണാതിരിക്കാൻ സാധിക്കില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി, മൂന്ന് വയസ്സുള്ള കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ എന്താണ് ഇത്ര വലിയ പ്രശ്നമെന്നു ചോദിച്ചു.

ഒന്നിച്ചിരുന്നു സംസാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളേ ഇരുവരും തമ്മിലുള്ളുവെന്നും പുറത്ത് പോയി വൈകുന്നേരത്തെ കാപ്പിയും രാത്രിയിലെ അത്താഴവും ഒരുമിച്ചു കഴിക്കാനും ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവർ പറഞ്ഞു. അതിനു പക്ഷേ കോടതിയുടെ കന്റീൻ പറ്റിയ ഇടമല്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അടുത്ത ദിവസം വീണ്ടും കേസ് പരിഗണിക്കുമ്പോൾ ദമ്പതികളിൽ നിന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.