മുംബൈ∙ ബാരാമതി വിമാന അപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ബോഡിഗാർഡ് വിദിപ് ജാദവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ചവരിൽ വിദിപും ഉൾപ്പെട്ടിരുന്നു. അജിത് പവാറിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർ പദവിയിലാണ് വിദിപ് എന്ന കാര്യം നാട്ടുകാർ ഉൾപ്പെടെ പലരും വൈകിയാണ് അറിഞ്ഞത്. വിഐപിക്കൊപ്പമുള്ള ഡ്യൂട്ടി വിവരങ്ങൾ അയൽക്കാരിൽനിന്നു പോലും വിദിപ് മറച്ചു വച്ചിരുന്നു. അജിത് പവാർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നപ്പോഴാണ് ബോഡിഗാർഡായി അടുത്തുനിൽക്കുന്ന വിദിപിനെ നാട്ടുകാർ തിരിച്ചറിഞ്ഞത്.
2009 ബാച്ചിലെ മുംബൈ പൊലീസ് കോൺസ്റ്റബിളായിരുന്ന വിദിപ് ജാദവാണ് അജിത് പവാറിന്റെ ഔദ്യോഗിക പരിപാടികളിൽ സുരക്ഷാ ചുമതല ഏകോപിപ്പിച്ചിരുന്നത്. കഴിഞ്ഞ 4 വർഷമായി അജിത് പവാറിന്റെ പഴ്സനൽ സെക്യൂരിറ്റി ഓഫിസർ (പിഎസ്‌ഒ) ആയി വിദിപ് ചുമതലയിലുണ്ട്. 27 വർഷമായി താനെയിലാണ് ഇദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത്.
അപകടത്തിൽ വിദിപ് മരിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് കുടുംബം അറിഞ്ഞത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് വിദിപിന്റെ കുടുംബം. ബുധനാഴ്ച രാവിലെ 10.30ഓടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെത്തി കുടുംബാംഗങ്ങളെ പുണെയിലേക്ക് കൊണ്ടുപോയി.














