ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥികളുടെ ഒന്നാം വർഷ ബിരുദ ഫലം തടഞ്ഞു. ചോദ്യപേപ്പർ മാറി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയുടേതാണ് നടപടി. ചോദ്യപേപ്പർ മാറി നൽകിയെന്ന് പ്രിൻസിപ്പലും സമ്മതിച്ചു.സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് റഗുലർ പരീക്ഷയുടെ ചോദ്യവും റഗുലർ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് മാറി നൽകിയത്.
കോഡ് മാറിപ്പോയതാണ് ചോദ്യപേപ്പർ മാറിയതിന് കാരണമെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.ഇതേ കോളജിൽ നിന്നുതന്നെയാണ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയിരുന്നത്. ഇതിനിടെയാണ് ചോദ്യപേപ്പർ മാറിനൽകിയ കാര്യം അധ്യാപകർ തിരിച്ചറിയുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോളജ് അധികൃതർ ആദ്യം വ്യക്തമാക്കി. എന്നാൽ, പിന്നീട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പർ മാറിയെന്ന് പ്രിൻസിപ്പൽ സമ്മതിച്ചത്
.തങ്ങളുടെ ഒരു വർഷം നഷ്‌ടമായെന്നും പ്രയത്നങ്ങൾ ഒന്നുമല്ലാതായിപ്പോയെന്നും അതിന് കാരണക്കാരായ പ്രിൻസിപ്പലടക്കമുള്ള കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പരാതി നൽകി.














