പനമരം: ഒരു ഇടവേളയക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് 2 ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്ത് നിന്നു തുരത്തി. എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽ നിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാവർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങൾ ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.പാതിരി സൗത്ത് സെക്ഷൻവനമേഖലയിൽ നിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.














