കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായർ അധ്യക്ഷത വഹിച്ചു.
1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. സൂക്ഷ്മ സംരംഭങ്ങളിൽ നിന്ന് തുടങ്ങി വലിയ സംരംഭങ്ങളിലേക്കുള്ള വളർച്ചയിലൂടെ 6000ത്തിലധികം സംരംഭങ്ങൾ ഇന്ന് ജില്ലയിലെ വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.പരിപാടിയുടെ ഭാഗമായി ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സംരംഭകരെ ആദരിച്ചു. സംരംഭങ്ങളുടെ വളർച്ച, വിപുലീകരണം, വിപണി സാധ്യതകൾ, സാമ്പത്തിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ അനുഭവപങ്കിടലും മാർഗനിർദേശങ്ങളും സംഘടിപ്പിച്ചു. ഇത് സംരംഭകർക്കുള്ള പ്രചോദനവും പരസ്പര സഹകരണത്തിനുള്ള നെറ്റ്‌വർക്കിംഗ് അവസരവുമായി മാറി.മുഖ്യാതിഥിയായി പങ്കെടുത്ത അസി. കലക്ടർ അർച്ചന പി.വി. ഐ.എ.എസ് സംരംഭകരെ ആദരിക്കുകയും അവാർഡ് ദാനവും നിർവഹിച്ചു.സംരംഭം ആരംഭിക്കുന്നതിന്റെയും അതിന്റെ കൂടുതൽ സാധ്യതകളുടെയും ഭാഗമായി നാഷണൽ ട്രെയിനർ മനോജ് ജെ സി ക്ലാസ് എടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ. പി.സ്വാഗതം പറഞ്ഞു. കുടുംബശ്രീ അസി.മിഷൻ കോർഡിനേറ്റർ സലീന കെ. എം, ശ്രുതി രാജൻ, അർഷക് സുൽത്താൻ, അനിത ടി. ജി, സിഡിഎസ് ചെയർപേഴ്സൺമാർ, ഉപജീവന ഉപസമിതി കൺവീനർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, എം. ഇ. സിമാർ എന്നിവർ സംസാരിച്ചു.ഡി.പി.എം ഹുദൈഫ് പി. നന്ദി പറഞ്ഞു.














