Latest

പുരുഷൻമാരുടെ ശല്യം കാരണം പൊറുതിമുട്ടി; ഇനിമുതൽ സേവനം സ്ത്രീകൾക്ക് മാത്രമെന്ന് മസാജ് പാർലർ ഉടമ

ഡബ്ലിൻ ∙ ലൈംഗിക സേവനങ്ങൾ തേടുന്ന അന്വേഷണങ്ങളുടെ ശല്യം കാരണം ഇനിമുതൽ പുരുഷൻമാർക്ക് സേവനം നൽകില്ലെന്ന് തായ് മസാജ് പാർലർ ഉടമ. തായ്‌ലൻഡിൽനിന്നും അയർലൻഡിലേക്ക് കുടിയേറിയ യോസിറ്റ ഫിറ്റ്‌സ്‌പാട്രിക് ആണ് ഈ തീരുമാനം എടുത്തത്. താനൊരു സർട്ടിഫൈഡ് തായ് തെറപ്പിസ്റ്റാണെന്നും തനിക്കു നിത്യവും ലഭിക്കുന്ന അപമാനകരമായ അന്വേഷണങ്ങൾ ഞെട്ടിച്ചുവെന്നും തായ് യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. തായ്‌ലൻഡ് സന്ദർശിക്കാനെത്തിയ ഐറിഷ് പൗരനെ വിവാഹം ചെയ്താണ് യോസിറ്റ ഫിറ്റ്‌സ്‌പാട്രിക് അയർലൻഡിലേക്ക് വന്നത്. ശേഷം ഗ്രാമപ്രദേശമായ ലെറ്റർഫ്രാക്കിൽ താമസം ആരംഭിച്ചു.

2025 നവംബറിലാണ് യോസിറ്റ തായ് മസാജ് ആൻഡ് വെൽനസ് സെന്റർ ആരംഭിച്ചത്. എന്നാൽ പുരുഷന്മാരിൽ നിന്ന് ലഭിച്ച കോളുകൾ തുടർച്ചയായി വന്നുകൊണ്ടേയിരുന്നു. അപമാനകരമായ ചില സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തായ് തെറപ്പിസ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിട്ടും ലൈംഗിക സേവനങ്ങൾ ആവശ്യപ്പെട്ട് എത്തുന്ന കോളുകൾക്ക് ഒരു കുറവുമില്ലെന്നാണ് യുവതി പറയുന്നത്.

നിലവിൽ സേവനം നൽകുന്നവരിൽ 40 ശതമാനം പേരും പുരുഷൻമാരാണെന്നും അവരിൽ ബഹുമാനം നൽകുന്ന ഒട്ടേറെപ്പേർ ഉണ്ടെന്നും ഫിറ്റ്സ്പാട്രിക് പറഞ്ഞു. എന്നാൽ കൂടുതൽ അന്വേഷണങ്ങളും ലൈംഗിക സേവനം ആവശ്യപ്പെട്ട് എത്തുന്നതിനാൽ ജോലി ഉപേക്ഷിക്കാൻ പോലും താൻ ആലോചിച്ചതായും യുവതി വിശദീകരിക്കുന്നു. തനിക്കുണ്ടായ അനുഭവം മറ്റ് തായ് മസാജ് തെറാപ്പിസ്റ്റുകളും നേരിടുന്നതായും എന്നാൽ അവർ പരസ്യ പ്രതികരണത്തിനു ആഗ്രഹിക്കുന്നില്ലെന്നും ഫിറ്റ്സ്പാട്രിക് പറഞ്ഞു. അന്വേഷകരുടെ ശല്യം കൂടിയതോടെ കഴിഞ്ഞ ആഴ്ചയാണ് ഇനി പുരുഷൻമാർക്ക് സേവനം നൽകേണ്ടെന്ന് ഫിറ്റ്സ്പാട്രിക് തീരുമാനിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.