Wayanad

കല്‍പ്പറ്റ ടൗണ്‍ഷിപ്പ്: 178 കുടുംബങ്ങള്‍ക്കും ടിവി നല്‍കി ഡിവൈഎഫ്‌ഐ

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഇരകള്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് ടി വി സമ്മാനിച്ച് ഡിവൈഎഫ്‌ഐ. ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടത്തില്‍ വീട് ലഭിച്ച 178 കുടുംബങ്ങള്‍ക്കും ഡിവൈഎഫ്‌ഐ ടിവി സംഭാവന നല്‍കി. വയനാട് കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, ഒപി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മിക്കുന്നുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.