Kerala

പഴുതടച്ച സുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകൾ കനത്ത സുരക്ഷയിലാണ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ബുത്തുകളിൽ വോട്ടിങ് മെഷീനിലെ ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് യൂണിറ്റുകൾ വേർപെടുത്തിയ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ സീൽ ചെയ്താണ് അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിച്ചത്. തുടർന്ന് ഇവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകൾ മാറ്റി. നിശ്ചിത സ്ഥാനങ്ങളിൽ മെഷീനുകൾ സുരക്ഷിതമായി വെച്ച ശേഷം മുറികൾ പൂട്ടി സീൽ ചെയ്യുകയും മരപ്പലകൾ അടിച്ച് ഭദ്രമാക്കുകയും ചെയ്തു. കൽപ്പറ്റ മണ്ഡലത്തിലെ ബൂത്തുകളിൽ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങൾ എസ്.കെ.എം.ജെ ഹൈസ്‍കൂളിൽ സജ്ജീകരിച്ച സ്ട്രോങ് റൂമിലും മാനന്തവാടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സെന്റ് പാട്രിക്സ് ഹൈസ്‍കൂളിലെ സ്ട്രോങ് റൂമിലും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വോട്ടിങിന് ഉപയോഗിച്ച യന്ത്രങ്ങൾ സെന്റ് മേരീസ് കോളേജിലെ സ്ട്രോങ് റൂമിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. പഴുതടച്ച സുരക്ഷാ സന്നാഹങ്ങളാണ് ഈ മൂന്ന് കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ളത്. മുഴുവൻ സമയ സിസിടിവി നിരീക്ഷണത്തിന് പുറമെ സുരക്ഷാ സേനകളുടെ ത്രിതല സാന്നിദ്ധ്യവും ഇവിടെയുണ്ട്. ബി.എസ്.എഫ് ജവാന്മരടങ്ങുന്ന കേന്ദ്ര സേനയും സംസ്ഥാന സായുധ പൊലീസും ലോക്കൽ പൊലീസ് സേനാംഗങ്ങളും മൂന്ന് തലത്തിൽ സ്ട്രോങ് റൂമുകൾക്ക് സദാസമയവും കാവൽ നിൽക്കുന്നുണ്ട്. മൂന്ന് കേന്ദ്രങ്ങളിലും പ്രത്യേകം ചുമതല നൽകി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്. അതത് മണ്ഡലങ്ങളിലെ വരണാധികാരികളോ ഉപവരണാധികളോ എല്ലാ ദിവസവും സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുകയും വിവരങ്ങൾ ലോഗ് ബുക്കുകളിൽ രേഖപ്പെടുത്തുകയും ചെയ്യും. പൂർണമായും ക്ലോസ്ഡ് സർക്യൂട്ട് സുരക്ഷാ ക്യാമറകളുടെ വലയത്തിലാണ് സ്ട്രോങ് റൂമുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും പരിസരവും. സ്ഥാനാർത്ഥികൾക്കോ അവരുടെ ഏജന്റുമാർക്കോ ഈ ക്യാമറകളിലെ ദൃശ്യങ്ങൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ അവസരമുണ്ട്. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് രാവിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുന്നതും വോട്ടിങ് മെഷീനുകൾ പുറത്തെടുക്കുന്നതും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.