Kerala

ആശുപത്രിയുടെ ഗേറ്റ് അടച്ചനിലയിൽ, വൈദ്യസഹായം ലഭിച്ചില്ല; പാർക്കിങ് ഏരിയയിൽ പ്രസവിച്ച് യുവതി

ന്യൂഡൽഹി∙ ഫരീദാബാദിൽ സര്‍ക്കാർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ യുവതി പ്രസവിച്ചു. ഫരീദാബാദിലെ സെക്ടർ 3-ലുള്ള ആശുപത്രിയിൽ പുലർച്ചെ 1.40 ഓടെയാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ബാലേഷ് എന്ന യുവതിയാണ് പാർക്കിങ്ങിൽ പ്രസവിച്ചത്. രാത്രി വൈകിയും വൈദ്യസഹായം ലഭിക്കാത്തതുകൊണ്ടാണ് പാർക്കിങ്ങിൽ പ്രസവിക്കേണ്ടി വന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

യുവതിയും കുടുംബവും രാത്രിയാണ് ആശുപത്രിയിലെത്തിയത്. അവർ എത്തിയപ്പോൾ ആശുപത്രിയിലെത്തിയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അടിയന്തര സഹായത്തിനായി ഡോക്ടർമാരോ നഴ്സുമാരോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വാതിലിൽ തട്ടിവിളിച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

യുവതിയുടെ നില വഷളായതാടെ കുടുംബാംഗങ്ങൾ പുറകുവശത്തുള്ള മറ്റൊരു ഗേറ്റിലൂടെ ആശുപത്രി വളപ്പിൽ പ്രവേശിച്ചു. അവിടെ ഡോക്ടർമാരെയും നഴ്സുമാരെയും തിരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.

പ്രസവവേദന കൂടിയപ്പോഴാണ് ബന്ധുവായൊരു സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വച്ച് പ്രസവം നടത്തിയത്. മൊബൈലിലെ ടോർച്ചിന്റെ വെളിച്ചം ഉപയോഗിച്ചാണ് പ്രസവം നടത്തിയതെന്നും കുടുംബം പറ‍ഞ്ഞു. യുവതി ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവത്തിന് ശേഷമാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. രാത്രി ഡ്യൂട്ടി ക്രമീകരണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് കണ്ടെത്തി. സ്റ്റാഫ് നഴ്സിന്റെയും മറ്റ് ജീവനക്കാരുടേയും അഭാവം രാത്രിയിൽ ഉണ്ടായിരുന്നെന്നും കണ്ടെത്തി. സംഭവത്തിന് പിന്നാലെ രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.