National

ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ലൈെംഗികമായി പീഡിപ്പിക്കും, ഇരകൾ വിധവകളും: 60കാരനെ വെട്ടിക്കൊന്ന് കത്തിച്ച് 8 സ്ത്രീകൾ

ഭുവനേശ്വർ ∙ തുടർച്ചയായി അധിക്ഷേപിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തതിൽ പ്രകോപിതരായ ഒരു കൂട്ടം സ്ത്രീകൾ 60 വയസ്സുകാരനെ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു. ഒഡീഷയിലെ ഗജപതി ജില്ലയിൽ കുയിഹുരു ഗ്രാമത്തിൽ താമസിക്കുന്ന കാംബി മാലിക് ആണ് കൊല്ലപ്പെട്ടത്. കാംബി മാലിക്കിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി 5 ദിവസത്തിനു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ഗ്രാമത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്തു നിന്ന് കാംബിയുടെ പകുതി കത്തിയ മൃതദേഹം കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നാലെ 8 സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. താന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം കാംബി മാലിക് പീഡിപ്പിച്ചതായും അതിന്റെ പ്രതികാരമായാണ് അയാളെ കൊലപ്പെടുത്തിയത് എന്നുമാണ് ഒരു യുവതി പൊലീസിനോടു പറഞ്ഞത്. വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു കാംബിയെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടിയാണ് കൊലപ്പെടുത്തിയത് എന്ന് യുവതി മൊഴി നൽകി.

ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് മൃതദേഹം ഇത്രയും ദൂരം കൊണ്ടിടാന്‍ കഴിയില്ല എന്ന നിഗമനമാണ് പൊലീസിനെ കൂട്ടുപ്രതികളിലേക്ക് എത്തിച്ചത്. കാലങ്ങളായി ഗ്രാമത്തിലെ സ്ത്രീകളെ കാംബി മാലിക് ഉപദ്രവിച്ചു വന്നിരുന്നുവെന്ന് അന്വേഷണത്തിൽ‌ കണ്ടെത്തി. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരുന്നത്. ആരും ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

നിരവധി തവണ താക്കീത് ചെയ്തിട്ടും തന്റെ സ്വഭാവം മാറ്റാന്‍ കാംബി മാലിക് തയാറായില്ല. ചില മന്ത്രവാദ പ്രവർത്തികളിലും ഇയാൾ ഏര്‍പ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ ഇയാളെ എന്തെങ്കിലും പറയാനോ ചെയ്യാനോ ഭയപ്പെട്ടിരുന്നു. ഭയവും അപമാനവും കാരണം ആരും ഇയാള്‍ക്കെതിരെ പൊലീസിൽ പരാതിയും നല്‍കിയില്ല. സഹികെട്ടാണ് സ്ത്രീകള്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 8 സ്ത്രീകളെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.