Kerala

വയനാടിന്റെ വൃത്തിക്ക് മാര്‍ക്കിടുന്നു

*’സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025′ സര്‍വ്വേ ജൂണ്‍ 17 മുതല്‍ 23 വരെഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനവും ജില്ലയും ഏതാണ് എന്ന് സര്‍വ്വേ നമ്മുടെ ജില്ലയിലും ആരംഭിക്കുന്നു. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വൃത്തിയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ സര്‍വേനടത്തുന്നു. ജൂണ്‍ 17-മുതല്‍ 23-വരെയാണ് ‘സ്വച്ഛ് സര്‍വേ ക്ഷണ്‍ ഗ്രാമീണ്‍ 2025’ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.വയനാട് ജില്ലയിലെ വിവിധ വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക. രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍വേ.

തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷനാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.ഇന്ത്യയിലൊട്ടാകെ 761 ജില്ലയിലായി 21,000 വില്ലേജുകളില്‍ പരിശോധന നടത്തും. 3,36,000 വീടുകള്‍, 1,05,000 പൊതു ഇടങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടും. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 വില്ലേജുകള്‍ പരിശോധിക്കും. ജനസംഖ്യക്ക് ആനുപാതികമായി വില്ലേജുകളുടെ എണ്ണം കൂടും. സംസ്ഥാനത്ത് ഏകദേശം 450 വില്ലേജുകളിലായിരിക്കും പരിശോധന. വൃത്തിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്ക് നല്‍കുക. ആകെ 1000 മാര്‍ക്കാണ് സര്‍വ്വേയ്ക്ക് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്.

ഓരോ ഗ്രാമപ്പഞ്ചായത്തിലെയും തിരഞ്ഞെടുക്കുന്ന 20 മുതല്‍ 30 വരെ വീടുകളില്‍ നേരിട്ടെത്തി പരിശോധിക്കും. വീടുകളില്‍ ശുചിത്വസൗകര്യം ഉണ്ടോ, വെളിയിടവിസര്‍ജ്യമുക്തമാണോ, കൈകഴുകാനുള്ള സൗകര്യം, മാലിന്യസംസ്‌കരണം, മലിനജലം എന്താണുചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ പലയിടത്തും വീടുകളില്‍ കക്കൂസ് സൗകര്യം ഒരുക്കിയിരുന്നു. അതും പരിശോധിക്കും. പൊതു ഇടങ്ങളില്‍ എത്രത്തോളം വൃത്തിയുണ്ട്, മാലിന്യം വലിച്ചെറിയുന്നത് കുറവാണോ, മലിനജലത്തിന്റെ തോത് തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കും. ഗ്രാമപ്പഞ്ചായത്തുകളുടെ നിലവിലെ ജൈവ-അജൈവ-ദ്രവ മാലിന്യ സംസ്‌കരണ ഉപാധികളും അവയുടെ പ്രവര്‍ത്തനവും വിലയിരുത്തും. ശൗചാലയമാലിന്യ സംസ്‌കരണം, ജൈവമാലിന്യസംസ്‌കരണത്തിനുള്ള ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും.

രാജ്യത്തൊട്ടാകെയുള്ള 1971 പ്ലാസ്റ്റിക് മാലിന്യസംസ്‌കരണയൂണിറ്റ്, 875 ഗോബര്‍ധന്‍ പ്ലാന്റ്, 983 ശൗചാലയപ്ലാന്റ് എന്നിവയെല്ലാം പരി ശോധിക്കപ്പെടും.പൊതുജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായമറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷനും (സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025) ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് വിവരം നല്‍കാനാകും. സര്‍വേക്കു ശേഷം വൃത്തികുറഞ്ഞയിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായി 45 വില്ലേജുകളില്‍ സ്വച്ഛ് സര്‍വ്വേക്ഷന്‍ പരിശോധന ടീം എത്തുകയും സര്‍വ്വേ നടത്തുന്നതുമായിരിക്കും. മികച്ച ശുചിത്വ പരിപാലനത്തിലൂടെ റാങ്കിങ് ഉറപ്പാക്കാനാണ് ജില്ലയുടെ ശ്രമം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.