National

ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപിക അറസ്റ്റിൽ

മുംബൈ∙ ഹയർസെക്കൻഡറി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുംബൈയിൽ അധ്യാപിക അറസ്റ്റിൽ. പ്രമുഖ സ്കൂളിലെ നാൽപതുകാരിയായ ഇംഗ്ലിഷ് അധ്യാപികയാണ് അറസ്റ്റിലായത്. ഇവർ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള സ്ഥലങ്ങളിൽവച്ച് പലവ‌‌ട്ടം പീഡിപ്പിച്ചെന്നാണ് കേസ്.

2023 ഡിസംബറിൽ സ്കൂൾ വാർഷികച്ചടങ്ങിനു നൃത്തപരിപാ‌‌‌ടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിനിടെയാണ് വിദ്യാർഥിയോട് അടുപ്പം തോന്നിയതെന്ന് അധ്യാപിക പൊലീസിനു മൊഴി നൽകിയതായാണ് വിവരം. കുട്ടി ആദ്യം അധ്യാപികയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ അധ്യാപിക ഒരു സുഹൃത്തിന്റെ സഹായം തേടി. അവർ കുട്ടിയെ അധ്യാപികയുമായുള്ള ബന്ധത്തിനു പ്രേരിപ്പിച്ചു. കൗമാരക്കാരായ ആൺകുട്ടികളും മുതിർന്ന സ്ത്രീകളും തമ്മിലുള്ള ബന്ധം സാധാരണമാണെന്നും കുട്ടിയോടു പറഞ്ഞു. തുടർന്ന് വിദ്യാർഥിയുമായി അടുപ്പമുണ്ടാക്കിയ അധ്യാപിക, അവനെ പലയിട‌ത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് മാനസികബുദ്ധിമുട്ടുണ്ടായ കുട്ടിക്ക് അതു മറികടക്കാനെന്ന പേരിൽ അധ്യാപിക ഗുളികകളും നൽകിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിദ്യാർഥിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ച കുടുംബാംഗങ്ങൾ ചോദിച്ചപ്പോൾ കുട്ടി പീഡനവിവരം പറഞ്ഞു. സ്കൂൾ പഠനം കഴിയുന്നതോടെ അധ്യാപിക ശല്യപ്പെടുത്തുന്നതു നിർത്തുമെന്നു കരുതിയ കുടുംബം സംഭവം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്കു ശേഷം തന്റെ വീട്ടുജോലിക്കാരിൽ ഒരാൾ വഴി കുട്ടിയെ വിളിച്ച അധ്യാപിക, കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.