ഔറംഗാബാദ്∙ അമ്മാവനുമായി ചേർന്ന് ഗൂഢാലോചന നടത്തി ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബർവാൻ സ്വദേശിയായ പ്രിയാൻഷുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരുപതുകാരിയായ ഭാര്യ ഗുഞ്ച ദേവി അറസ്റ്റിൽ. 55 വയസ്സുകാരനായ സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നെന്നും വീട്ടുകാർ നിർബന്ധിപ്പിച്ച് മറ്റൊരാളെ വിവാഹം കഴിപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
55കാരനായ അമ്മാവൻ ജീവൻ സിങ്ങുമായി ഗുഞ്ച ദേവി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവരുടെ കുടുംബം ഇതിന് സമ്മതിച്ചില്ല. ഇതിനു ശേഷമാണ് ഗുഞ്ചയും പ്രിയാൻഷുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഗുഞ്ച പ്രിയാൻഷുവിനെ വിവാഹം ചെയ്തത്. പക്ഷേ, വിവാഹത്തിന് ശേഷവും ഗുഞ്ച അമ്മാവനുമായുള്ള ബന്ധം തുടർന്നു.
അമ്മാവൻ ജീവൻ സിങ്ങിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. ഇതിനായി വാടകക്കൊലയാളികളെയും ഏർപ്പെടുത്തി. ജയ്ശങ്കർ ചൗബേയ്, മുകേഷ് ശർമ എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. ജൂൺ 25നാണ് പ്രിയാൻഷു കൊല്ലപ്പെട്ടത്. സഹോദരിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് രണ്ടുപേർ ചേർന്ന് പ്രിയാൻഷുവിനെ വെടിവച്ചു കൊന്നത്. വിവാഹം കഴിഞ്ഞ് നാൽപത്തിയഞ്ചാം ദിവസമാണ് പ്രിയാൻഷു കൊല്ലപ്പെട്ടത്.
പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ യുവതി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതു പ്രിയാൻഷുവിന്റെ വീട്ടുകാരിൽ സംശയമുണ്ടാക്കി. പിന്നാലെയാണ് പൊലീസ് ഗുഞ്ചയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഫോൺ റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നാണ് അമ്മാവനുമായി ഗുഞ്ചയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് മനസ്സിലായത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അമ്മാവൻ പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസിന് മനസ്സിലായി. കേസിൽ ദേവി ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ജീവൻ സിങ്ങിനായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.