കൊല്ലം ∙ ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.
തലയിൽനിന്നു രക്തം വാർന്ന നിലയിൽ നിലത്ത് ചുമരിനോട് ചേർന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. തൂങ്ങിമരിച്ച നിലയിലായിരുന്നു റെജിയുടെ മൃതദേഹം കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ഇരുവരും തമ്മിൽ സ്ഥിരം തർക്കമുണ്ടായിരുന്നു എന്നാണ് സമീപവാസികൾ പറയുന്നത്. ഏരൂർ പൊലീസ് സ്ഥലത്തെ നടപടിക്രമങ്ങൾ ആരംഭിച്ചു.