തലശ്ശേരി ∙ നടന്നുപോകുമ്പോൾ ദേഹത്തു തട്ടിയത് ചോദിച്ചതിന്റെ പേരിൽ തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ (49) കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി.സുകേഷിനെ (36) ആണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക മരിച്ചയാളുടെ ആശ്രിതർക്ക് നൽകണമെന്നും ഇല്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. രണ്ടാംപ്രതി അഷ്റഫ് ക്വാർട്ടേഴ്സിൽ എം. രഞ്ജിത്തിനെ (27) കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വിട്ടയച്ചു.
2018 ഫെബ്രുവരി 24ന് രാത്രി 10 നാണ് കേസിനാസ്പദമായ സംഭവം. വളപട്ടണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പെരിയ സ്വാമിയുടെ കൂടെ നടന്നു പോവുകയായിരുന്ന അയ്യേകണ്ണിന്റെ ദേഹത്ത് സുകേഷ് തട്ടി. അതേക്കുറിച്ചു ചോദിച്ചതിന്റെ വിരോധത്താൽ പെരിയസ്വാമിയെ അടിക്കുകയും ചവിട്ടുകയും ചെയ്തശേഷം അരയിൽ കരുതിയ കത്തിയെടുത്തു കുത്തിക്കൊന്നെന്നാണ് കേസ്. അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ.ജോസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷ് ഹാജരായി.