Kerala

മറ്റൊരു യുവാവ് അഥീനയെ വീട്ടിൽ കയറി മർദിച്ചതിലും തർക്കം; വിഷം കഴിച്ചെന്ന് അൻസിലിന്റെ വീട്ടുകാരെ അറിയിച്ചു; അറസ്റ്റിൽ

കൊച്ചി∙ കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിന്റെ (38) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അൻസിലിന്റെ പെൺസുഹൃത്ത് മാലിപ്പാറ മുത്തംകുഴി ഇടയത്തുകുടി അഥീനയെ (30) കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.അൻസിലിന്റെ മരണത്തിന് പിന്നാലെ അഥീനയെ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അൻസിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

അൻസിലിനെ ഒഴിവാക്കാനായി അഥീന കളനാശിനി നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് നിഗമനം. ചേലാടുള്ള ഒരു കടയിൽ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് എന്തിൽ കലക്കിയാണ് അന്‍സിലിന് നൽകിയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാകൂവെന്നു പൊലീസ് പറയുന്നു.

ടിപ്പര്‍ ഡ്രൈവറായ അന്‍സിലും അഥീനയും തമ്മിൽ അടുപ്പത്തിലായിരുന്നു. അൻസിൽ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. അൻസിലും അഥീനയും തമ്മിൽ പലപ്പോഴും സാമ്പത്തിക ഇടപാടിനെ ചൊല്ലി വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. രണ്ടു മാസം മുൻപ് അൻസിൽ മർദിച്ചതായി കാണിച്ച് കോതമംഗലം പൊലീസിൽ അഥീന പരാതി നൽകിയിരുന്നു. ഈ കേസ് രണ്ടാഴ്ച മുൻപ് അഥീന പിൻവലിച്ചിരുന്നു.അൻസിലുമായി കഴിഞ്ഞ ചൊവ്വാഴ്ച്ച പണത്തെക്കുറിച്ച് വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

വിഷം അകത്തുചെന്നു ഗുരുതരാവസ്ഥയിലായ അന്‍സില്‍ വ്യാഴാഴ്ച രാത്രി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലിന് അഥീന ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍വച്ചാണു സംഭവം. വിഷം അകത്തു ചെന്നെന്ന് അൻസിൽ സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചു. അൻസിലിന്റെ വീട്ടുകാരെ അഥീന വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യശ്രമം എന്നായിരുന്നു അഥീന പൊലിസിനോടും വീട്ടുകാരോടും പറഞ്ഞത്. പൊലീസ് ബന്ധുക്കളെ അറിയിച്ച് ആംബുലന്‍സു വരുത്തി അന്‍സിലിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആംബുലന്‍സില്‍ വച്ചു അഥീനയാണു വിഷം നല്‍കിയതെന്നു അന്‍സില്‍ പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു.

ഒരു മാസം മുൻപു മറ്റൊരു യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മർദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതിന് കേസുണ്ടായിരുന്നു. ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു.ഇതിനെ ചൊല്ലിയും അൽസിലും അഥീനയും പരസ്പരം വഴക്കുണ്ടാക്കിയിരുന്നു.കൃത്യത്തിൽ അഥീനയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ പി.ടി.ബിജോയ് നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.