ദിയോറിയ∙ ഉത്തർപ്രദേശിൽ ഒൻപതുവയസ്സുകാരനെ ബലിനൽകി. ഭാര്യയുടെ ദേഹത്ത് കയറിയ ബാധ ഒഴിവാക്കാനായാണ് ഭർത്താവും ബന്ധുക്കളും ചേർന്നു ഒൻപതു വയസ്സുകാരനെ ബലി നൽകിയത്. പത്ഖൗളി സ്വദേശിയായ ആരുഷ് ഗൗർ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഏപ്രിൽ 17 മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വിവിധ ടീമുകളായി തിരിഞ്ഞ് കുട്ടിയെ കണ്ടെത്താനായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തു വരുന്നത്.
സംഭവത്തിൽ ജയപ്രകാശ് കൗർ എന്നയാളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൂട്ടാളികളുടെ പേരും വെളിപ്പെടുത്തി. ഗോരഖ്പുർ സ്വദേശികളായ ഇന്ദ്രജീത്ത് കുമാർ ( അതുൽ കുമാർ), ഭീം കൗർ, രാമശങ്കർ (ശങ്കർ ഗൗർ) എന്നിവരാണ് മറ്റു പ്രതികൾ.
ദേഹത്ത് ബാധ കയറിയ ഭാര്യയെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ദ്രജീത്ത് തന്റെ അമ്മാവനായ ജയപ്രകാശിനെയാണ് ആദ്യം സമീപിച്ചത്. അയാളാണ് നരബലി നടത്തിയാലേ ഭാര്യയുടെ ദേഹത്ത് നിന്ന് ബാധ ഒഴിഞ്ഞു പോകുകയുള്ളു എന്നു പറഞ്ഞത്. പിന്നാലെ ഇന്ദ്രജീത്ത് തന്റെ മറ്റൊരു ബന്ധുവായ രാമശങ്കറിനെ ബന്ധപ്പെട്ടു. ഒരു കൊച്ചു കുട്ടിയെ എത്തിക്കണമെന്നും പ്രതിഫലമായി 50,000 രൂപ നൽകാമെന്നും പറഞ്ഞു.
ഏപ്രിൽ 16നാണ് രാമശങ്കർ സ്വന്തം അനന്തരവനായ ആരുഷിനെ മറ്റു പ്രതികൾക്ക് കൈമാറിയത്. ഏപ്രിൽ 19ന് രാത്രി പ്രതികൾ പിപ്ര ചന്ദ്രഭാനിലെ ഒരു തോട്ടത്തിൽ വച്ച് പൂജകൾ നടത്തി. അവിടെ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കുഴിച്ചിട്ടു. എന്നാൽ തൊട്ടടുത്ത ദിവസം പ്രതികൾ മൃതദേഹം പുറത്തെടുത്തു. ചാക്കിൽ കെട്ടി ഒരു നദിയിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരും ബന്ധുക്കളാണ്.














