Kerala

വൈകി എത്തിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടു മുറിയിൽ ഇരുത്തി, ഗ്രൗണ്ടിൽ 2 വട്ടം ഓടിപ്പിച്ചു: സ്കൂളിനെതിരെ ആരോപണം

കൊച്ചി ∙ വൈകിയെത്തിയതിന് തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തുകയും മൈതാനത്തിലൂടെ ഓടിക്കുകയും ചെയ്തതായി രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകിയെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും വൈകി എത്തുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പിടിഎ നിയമം നടപ്പാക്കുകയാണ് ചെയ്തതെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവും എസ്എഫ്ഐയും പ്രതിഷേധിച്ചു.

രാവിലെ 8.30ന് എത്തേണ്ടിയിരുന്നിടത്ത് 5 മിനിറ്റ് വൈകി എത്തിയതിന്റെ പേരിൽ സ്കൂൾ ഗ്രൗണ്ടിൽ 2 വട്ടം ഓടിപ്പിച്ചുവെന്ന് കുട്ടിയും മാതാപിതാക്കളും പറയുന്നു. ‘‘2 റൗണ്ട് ഓടിപ്പിച്ചു. പിന്നെ ഒരു മുറിയിൽ കൊണ്ടിരുത്തി. അവിടെ വെളിച്ചമില്ലായിരുന്നു. പിന്നെ 2 ടീച്ചർമാർ ഇരുന്ന മറ്റൊരു മുറിയിൽ കൊണ്ടിരുത്തി. ടിസി വാങ്ങി കൊണ്ടുപോവുക, അല്ലെങ്കിൽ മുറിയിലിരുത്തി പഠിപ്പിക്കൂ എന്നു പറഞ്ഞു’’– കുട്ടി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. കുട്ടിയെ മുറിയിൽ ഒറ്റയ്ക്കിരുത്തിയ ശേഷം മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയുടെ ടിസി തന്നുവിടുമെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു. പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയതോടെ സ്കൂൾ അധികൃതരുമായി രൂക്ഷമായ തർക്കവും നടന്നു. ഇതിനിടെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി എത്തുകയായിരുന്നു.

എന്നാൽ തങ്ങൾ കുട്ടിയെ ഓടിപ്പിച്ചിട്ടില്ലെന്നും രാവിലെയുള്ള ‘വ്യായാമ’ത്തിന്റെ ഭാഗമായി നടത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നും സ്കൂൾ മാനേജർ ഡോ. അൻവർ ഹുസൈൻ പറഞ്ഞു. കുട്ടി ഇത് അഞ്ചാം തവണയാണ് വൈകി വരുന്നത് എന്ന് മാനേജർ പറഞ്ഞു. ബസിനോ സൈക്കിളിനോ വരുന്ന കുട്ടികളെ വൈകിയാലും പ്രവേശിപ്പിക്കുമെന്നും എന്നാൽ മാതാപിതാക്കൾ കൊണ്ടുവിടുന്ന കുട്ടികൾ വൈകുമ്പോൾ എന്തു ചെയ്യണമെന്ന് പിടിഎ എടുത്തിട്ടുള്ള തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽ രാവിലെ 10 മിനിറ്റ് സൂംബയോ എയ്റോബിക്സോ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ കുട്ടിയെ 2 റൗണ്ട് ഗ്രൗണ്ടിലൂടെ നടത്തിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് മാതാപിതാക്കളെ വിളിച്ചു വരുത്തുന്നതിനു വേണ്ടിയാണ് മറ്റൊരു മുറിയിൽ ഇരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ നിർത്തിയില്ലല്ലോ എന്നും മാനേജർ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തു വന്നതോടെ വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിരുന്നു. വിദ്യാഭ്യാസ ഡയറക്ടർക്കും സ്കൂൾ മാനേജ്മെന്റിനും പരാതി നൽകിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കി.സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. ‘‘എറണാകുളത്തെ ഒരു സ്‌കൂളിൽ അഞ്ചാം ക്ലാസുകാരനായ കുട്ടിയെ ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി എന്നതടക്കമുള്ള ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാൻ ഒരു അധ്യാപകനോ മാനേജ്‌മന്റിനോ അവകാശമില്ല. കുട്ടി വൈകിയെത്തിയാൽ ‘ഇനി വൈകിയെത്തരുത്’ എന്ന് ഉപദേശിക്കാം, അല്ലാതെ കുട്ടിയുടെ മാനസികനിലയെ ബാധിക്കുന്ന രീതിയിൽ ഇരുട്ടുമുറിയിൽ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളല്ല എന്നാണ് മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും’’, ശിവൻകുട്ടി വ്യക്തമാക്കി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.