Kerala

‘ഗൃഹനാഥന് ശത്രുദോഷം, പരിഹാരമായി പൂജ ചെയ്യണം; അല്ലെങ്കിൽ ദുർമരണം’: ലക്ഷങ്ങൾ തട്ടിയെടുത്ത് പൂജാരി, അറസ്റ്റ്

പൂജയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരിൽ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്.

തട്ടിപ്പിനിരയായ കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ശത്രു ദോഷങ്ങൾ ഉള്ളതായും ഉടനടി അതിന് പരിഹാരമായി പൂജകൾ ചെയ്തില്ലെങ്കിൽ ഗൃഹനാഥൻ ദുർമരണപ്പെട്ട് പോകുമെന്നും കുടുംബാംഗങ്ങൾക്കു വൻ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. ഓൺലൈൻ ആയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോൾ, കുടുംബത്തെ ഹൈദരാബാദിൽ നിന്നും പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകൾ കൂടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

വൈകാതെ പ്രതി പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. തട്ടിപ്പിന് ഇരയായെന്നു മനസ്സിലാക്കിയ മലയാളി കുടുംബം, പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐ രാജേഷ്, എസ്ഐ ഉമേഷ്, സിപിഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.