Kerala

അസംബ്ലിക്കിടെ വികൃതി; വിദ്യാർഥിയുടെ കർണപടം അടിച്ചു തകർത്ത് ഹെഡ്‌മാസ്റ്റർ; അടിയന്തര ശസ്ത്രക്രിയ വേണം

കാസർകോട്∙ അധ്യാപകന്റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്കാണ് പ്രധാന അധ്യാപകന്റെ മർദനമേറ്റത്. ഈ മാസം 11ന് സ്കൂൾ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചു മറ്റു വിദ്യാർഥികൾക്കൊപ്പം ലൈനിൽ നിന്നിരുന്ന കുട്ടിയുടെ മുഖത്ത് പ്രധാനാധ്യാപകൻ അടിക്കുകയും കോളറിൽ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചു പൊക്കി കർണപടം തകർത്തെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.

വിദ്യാർഥിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയും തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇഎൻടിയെ കാണുകയും പരിശോധന നടത്തുകയും ചെയ്തു. വലതു ചെവിക്ക് കേൾവി കുറവുണ്ടെന്നും കർണപടം പൊട്ടിയതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

വിദ്യാർഥിയെ മർദിച്ച പ്രധാനാധ്യാപകൻ എം.അശോകനെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് മാതാപിതാക്കൾ. മകനെ മർദിച്ച ദിവസം പിടിഎ കമ്മിറ്റി അംഗങ്ങളോടൊപ്പം അധ്യാപകൻ ഒത്തുതീർപ്പ് ചർച്ചയ്ക്കായി വന്നിരുന്നെന്നും തെറ്റു പറ്റിയതായി സമ്മതിച്ചതായും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പരിശോധനാ ഫലം ലഭിച്ച ശേഷം പരാതി നൽകാനുള്ള ഒരുക്കത്തിൽ ആയിരുന്നെന്നും തിങ്കളാഴ്ച രാവിലെ ചൈൽഡ് ലൈനിൽ പരാതി നൽകുമെന്നും മാതാപിതാക്കൾ പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.