കൊച്ചി ∙ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയ്ക്കെതിരായ അഴിമതി ആരോപണത്തിൽ വിശദീകരണം തേടി ഹൈക്കോടതി. ദിവ്യയ്‌ക്കെതിരായ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പരാതി അട്ടിമറിച്ചു എന്നു കാണിച്ച് കെഎസ്‍യു നേതാവ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് കോടതി മറുപടി തേടിയത്. ഈ മാസം 26നകം വിജിലൻസ് വിശദീകരണം നൽകണം എന്നാണ് നിർദേശം.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ ദിവ്യ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ബെനാമി സ്വത്ത് ഇടപാടുകളടക്കം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു എന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, ഉന്നത ഇടപെടലില്‍ ആറു മാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ദിവ്യ ജില്ലാ പ്രസിഡന്റായതിനു പിന്നാലെ ആരംഭിച്ച കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ബെനാമി പേരിൽ ദിവ്യയും ഭർത്താവും ചേർന്ന് ആരംഭിച്ചതാണെന്നാണ് ഹർജിയിലെ ആരോപണം. ഇതിന്റെ ഉടമകൾ ഇരുവരുടേയും സുഹൃത്തുക്കളും ഇത്തരം കാര്യങ്ങളിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരുമാണ്. ഈ കമ്പനി പഞ്ചായത്തിലെ പല കരാറുകളും നേടിയെടുത്തു എന്നും ഇതിലെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും പ്രാഥമിക അന്വേഷണം നടത്തി ദിവ്യയെ ആരോപണത്തിൽ നിന്ന് ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു.