Kerala

‘യാത്രാക്കൂട്ടിൽ’ തിരക്കേറുന്നു;കീർത്തനയ്ക്ക് കൈ കൊടുത്ത് ഗതാഗതമന്ത്രി

തിരുവനന്തപുരം ∙ എൻജിനീയറിങ് വിദ്യാർഥിനി കീർത്തന സാറാ കിരൺ കെഎസ്ആർടിസിക്കായി ഒരുക്കിയ യാത്രാക്കൂട്ട് എന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാകുന്നു. കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ യാത്രാവിവരങ്ങളാണ് സൈറ്റിലുള്ളത്. പൂജപ്പുര എൽബിഎസ് വനിതാ കോളജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥിനി കീർത്തന മൂന്നാഴ്ച കൊണ്ടാണ് വെബ്സൈറ്റ് തയാറാക്കിയത്. ഗതാഗതമന്ത്രി ഗണേഷ്‌കുമാർ അടക്കമുള്ളവരുടെ അഭിനന്ദനങ്ങളുടെ സന്തോഷത്തിലാണ് കീർത്തന.

അന്യ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഒട്ടേറെ യാത്രക്കാരും വിനോദസഞ്ചാരികളുമെത്തുന്ന തലസ്ഥാന നഗരിയിലെ സിറ്റി സർവീസ് ബസുകൾ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഈ വെബ്‌സൈറ്റിലുള്ളത്. ഇതിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്. കയറേണ്ട സ്ഥലവും ഇറങ്ങേണ്ട സ്ഥലവും നൽകിയാൽ ആ റൂട്ടിലെ സിറ്റി സർക്കുലർ ബസുകളുടെ പൂർണ വിവരങ്ങൾ ലഭിക്കും. കൂടാതെ ബസ് കടന്നുപോകുന്ന പ്രധാന പോയിന്റുകളെക്കുറിച്ചും അറിയാം. ബസിന്റെ കളർകോഡ് ഉൾപ്പെടെയുള്ളവ മനസ്സിലാക്കി യാത്രക്കാർക്ക് ബസിൽ കയറാം.

കോട്ടയം സ്വദേശിയായ കീർത്തന തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി പൂജപ്പുര കോളജിലേക്ക് പോകാൻ ബസ് കാത്തു നിന്നപ്പോൾ വന്ന ഇലക്ട്രിക് ബസിൽ റൂട്ട് സംബന്ധിച്ച കോഡുകൾ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചതോടെയാണ് ഇത്തരമൊരു വെബ്‌സൈറ്റെന്ന ആശയം രൂപപ്പെട്ടത്.തുടർന്ന് ഇക്കാര്യം കോളജ് ഡിപ്പാർട്മെന്റ് മേധാവി ഡോ.എം.ഡി സുമിത്രയെയും എൽബിഎസ് ഡയറക്ടർ ഡോ.എം.അബ്ദുൽ റഹ്മാനെയും അറിയിച്ചു. അവരുടെ പിന്തുണ ലഭിച്ചതോടെയാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്യാൻ തീരുമാനിച്ചത്. വെബ്‌സൈറ്റ് ഗതാഗത മന്ത്രി ഗണേഷ്‌കുമാറിനെ കാണിച്ചപ്പോൾ സൈറ്റ് ഹോസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക സഹായം ഗതാഗത വകുപ്പ് നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ഹോസ്റ്റ് ചെയ്യാനുള്ള നടപടി കോളജ് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ഫ്രീ ഹോസ്റ്റിങ് പ്ലാറ്റ്ഫോമായ വേർസലിലാണ് വെബ്‌സൈറ്റ്.

കോട്ടയം തിരുവഞ്ചൂർ ഇടച്ചേരിലായ നീലാണൂർ കിരൺ ജോസഫിന്റെയും (മാധ്യമസ്ഥാപന ജീവനക്കാരൻ), മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ബിന്ദുമോൾ കെ.ഇ.യുടെയും മകളാണ് കീർത്തന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.