കൊച്ചി ∙ മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ കുടുക്കി ജയിലിലടച്ച് പൊലീസിന്റെ ക്രൂരത. നീതി തേടി നടത്തിയ പോരാട്ടത്തിനൊടുവിൽ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി വിധി. പരാതിക്കാരനും പ്രവാസിയുമായിരുന്ന തലശേരി ഈസ്റ്റ് കതിരൂർ സ്വദേശി വി.കെ.താജുദീന് 10 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യക്കും 3 മക്കൾക്കും ഓരോ ലക്ഷം രൂപയും വീതം നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് പി.എം.മനോജ് ഉത്തരവിട്ടു. ചെയ്യാത്ത തെറ്റിന് 54 ദിവസമാണ് താജുദീന് ജയിലിൽ കിടക്കേണ്ടി വന്നത്. കണ്ണൂർ ചക്കരയ്ക്കൽ സ്റ്റേഷനിലെ എസ്ഐയും നിലവിൽ കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്ഐയുമായ പി.ബിജു, ചക്കരയ്ക്കൽ സ്റ്റേഷനിലെ എഎസ്ഐമാരായിരുന്ന യോഗേഷ്, ടി.ഉണ്ണികൃഷ്ണൻ എന്നിവരിൽനിന്ന് പിഴത്തുക ഈടാക്കാനാണ് കോടതിയുടെ നിർദേശം. പക്ഷ, തുക ആദ്യം സർക്കാർ നൽകണം. ഉദ്യോഗസ്ഥർക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനും പരാതിക്കാർക്ക് സാധിക്കുമെന്ന് കോടതി വ്യക്തമാക്കി.
∙ 15 ദിവസം, മകളുടെ വിവാഹം, പക്ഷേ…
ഖത്തറിൽ ജോലി ചെയ്തിരുന്ന താജുദീൻ 2018 ജൂൺ 25നാണ് നാട്ടിലെത്തിയത്. മകളുടെ വിവാഹത്തിന് 15 ദിവസത്തെ മാത്രം അവധി. ജൂലൈ 11ന് ബന്ധുവീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം മടങ്ങുമ്പോൾ പൊലീസ് ജീപ്പ് മണ്ണില്‍പ്പുതഞ്ഞു കിടക്കുന്നതു കണ്ടു. പൊലീസ് വാഹനം നിർത്തിച്ച് സഹായം ചോദിച്ചതോടെ കാറിലുണ്ടായിരുന്നവർ ഇറങ്ങി വാഹനം തള്ളിക്കൊടുത്തു. ഈ സമയം താജുദീൻ കാറിൽ നിന്ന് ഇറങ്ങിയിരുന്നില്ല. കാരണം ചോദിച്ച പൊലീസുകാരോട് നടുവേദനയാണ് എന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. ഇതോടെ കുറ്റവാളികളോടെന്ന വിധത്തിലായി പെരുമാറ്റം. താജൂദീനെ കാറിൽ നിന്ന് വലിച്ച് താഴെയിട്ട് ഫോട്ടോയെടുത്തു. താജുദീൻ ‘കള്ളനാ’ണെന്ന് പ്രഖ്യാപിച്ചു. കുടുംബത്തെ ഒന്നടങ്കം ആ രാത്രി ഒന്നരയ്ക്ക് സ്റ്റേഷനിലെത്തിച്ചു. സിസിടിവിയിൽ മാല പറിച്ച ശേഷം രക്ഷപ്പെടുന്ന ഒരാളുടെ ദൃശ്യങ്ങള്‍ കാട്ടിയ ശേഷം അത് താജുദീനാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ അറസ്റ്റ്.
കുറ്റകൃത്യം നടന്നു എന്നു പറയുന്ന സമയത്ത് സ്ഥലത്തില്ല, അതിനായി ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം പൊലീസ് തള്ളി. സ്കൂട്ടറില്‍ കാണുന്ന വ്യക്തിയുമായി സാദൃശ്യമില്ലെന്ന വാദവും പൊലീസ് ചെവിക്കൊണ്ടില്ല. എന്നാല്‍ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറഞ്ഞത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തങ്ങൾക്ക് കുറ്റവാളിയെ പിടികിട്ടി എന്നാണ്.
കതിരൂരിൽ നടന്ന ഒരു മാല മോഷണക്കേസിലാണ് താജുദീനെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനാൽ ഓഗസ്റ്റിൽ ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം ലഭിച്ചത്. എന്നാൽ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നായിരുന്നു നിബന്ധന. ഇതിനിടെ താജുദീന്റെ ഭാര്യ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ഡിവൈഎസ്പിയെ അന്വേഷണം ഏൽപ്പിച്ചു. ഈ അന്വേഷണത്തിലാണ് താജുദീൻ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്. ജാമ്യം ലഭിക്കുന്നതു വരെ ജയിലിൽ കിടന്നത് 54 ദിവസങ്ങൾ. താമസിച്ചു ജോലിക്കു ചെന്നതിനെ തുടർന്ന് 23 ദിവസം ഖത്തറിലും ജയിലിൽ കഴിയേണ്ടി വന്നുവെന്ന് താജുദീൻ പറയുന്നു. പിന്നാലെ ജോലിയും നഷ്ടപ്പെട്ടു. എന്നാൽ പണമിടപാടുമായി ബന്ധപ്പെട്ടാണ് ഖത്തറിലെ ജയിലിൽ പോയത് എന്നായിരുന്നു എസ്ഐ പിന്നീട് ഹൈക്കോടതിയിൽ വാദിച്ചത്.
മാല മോഷണം നടന്ന ചൂരക്കളം എന്ന സ്ഥലത്ത് തന്നെ പൊലീസ് ജീപ്പിലെത്തിച്ച് ‘തെളിവെടുത്തെ’ന്ന് താജുദീൻ പറഞ്ഞു. നൂറുകണക്കിന് പേരുടെ കൺമുന്നിലൂടെയാണ് പൊലീസ് നടത്തിച്ചത്. ഈ സമയത്തെല്ലാം കള്ളൻ എന്നു വിളിച്ച് ആക്ഷേപിക്കുകയായിരുന്നു നാട്ടുകാർ. ഇതുണ്ടാക്കിയ മാനസിക വിഷമവും നാണക്കേടും വലുതാണ്. സ്കൂട്ടർ കണ്ടെടുക്കാനെന്ന ഭാവത്തിൽ ഇത്തരത്തിൽ ബന്ധുവീടുകളിലെല്ലാം തന്നെ നൂറുകണക്കിന് പേരുടെ മുമ്പിലൂടെ കൊണ്ടുപോയി. ജ്വല്ലറിയിലും സുഹൃത്തിന്റെ വീട്ടിലുമെല്ലാം തന്നെ കൊണ്ടുപോയി. തങ്ങൾക്കുണ്ടായ വേദനയും ആശങ്കയും ജോലി നഷ്ടപ്പെട്ടതും ജയിലിൽ കിടക്കേണ്ടി വന്നതും മറ്റുള്ളവർക്കു മുന്നിൽ കുറ്റവാളിയാകേണ്ടി വന്നതുമെല്ലാം ചൂണ്ടിക്കാട്ടി 1 കോടി രൂപ നഷ്ടപരിഹാരം തനിക്കും 10 ലക്ഷം രൂപ വീതം ഭാര്യക്കും മക്കൾക്കും വേണമെന്നും താജുദീൻ ആവശ്യപ്പെട്ടു.∙ നല്ല ഉദ്ദേശം, പക്ഷേ ആളു മാറിപ്പോയിമാല നഷ്ടപ്പെട്ട രണ്ടു കേസുകളിൽപ്പെട്ടവർ താജുദീനാണ് കുറ്റവാളിയെന്ന് തിരിച്ചറിഞ്ഞു എന്നും അതിനാൽ ഉത്തമ വിശ്വാസത്തിലാണ് കേസെടുത്തത് എന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. വ്യക്തമായ തെളിവുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് താജുദീനെ കേസിൽ പ്രതിയാക്കിയത് എന്നായിരുന്നു എസ്ഐയുടെ വാദം. പരാതിക്കാരനെ പൊതുസമൂഹത്തിനു മുമ്പാകെ കള്ളനാക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലായിരുന്നെന്നും എസ്ഐ പറയുന്നു. താൻ സദുദ്ദേശത്തിൽ കേസ് തെളിയിക്കാൻ ശ്രമിച്ചതാണെന്നും ഏതെങ്കിലും തരത്തിലുള്ള വിരോധമോ ഒന്നും അതിനു പിന്നിലില്ലായിരുന്നു എന്നുമാണ് എസ്ഐയുടെ വാദം. തനിക്ക് 3 വർഷത്തെ പ്രവർത്തിപരിചയമേ ഉള്ളൂ എന്നതാണ് തന്റെ നിഷ്കളങ്കത തെളിയിക്കാൻ എസ്ഐ പറഞ്ഞ മറ്റൊരു കാര്യം. താനും പൊതുജനങ്ങളുമായി മികച്ച ബന്ധം നിലനിർത്താൻ ശ്രമിക്കാറുണ്ടെന്നും കുറ്റവാളികളെ മികച്ച രീതിയിലുള്ള ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ താൻ സ്വീകരിക്കാറുണ്ടെന്നും എസ്ഐ പറയുന്നു.
∙ യഥാർഥ കുറ്റവാളി മറ്റൊരാൾമുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്പി കേസ് മാല മോഷ്ടിച്ചത് ശരത് വൽസരാജ് എന്നയാളാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടർന്ന് താജുദീനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. എസ്ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായ കാര്യവും മേലുദ്യോഗസ്ഥനായ തന്നെ ധിക്കരിച്ച കാര്യവും ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ട്. എസ്ഐയെ സ്ഥലം മാറ്റാനും അച്ചടക്ക നടപടി സ്വീകരിക്കാനും ശുപാർശ ചെയ്തതു വഴി പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും എന്നും വ്യക്തമാണെന്ന് കോടതിയും അഭിപ്രായപ്പെട്ടു.എന്നാൽ പല സാഹചര്യങ്ങൾ കൊണ്ടാണ് അന്വേഷണം വഴി തെറ്റിപ്പോയതെന്നും പരിചയസമ്പത്തുള്ളവർക്ക് വരെ ഇത് സംഭവിക്കാമെന്നുമാണ് ഡിവൈഎസ്പി പിന്നീട് ഹൈക്കോടതിയിൽ അറിയിച്ചത്. എസ്ഐയുടെ നടപടിയെ ഡിവൈഎസ്പി പിന്തുണയ്ക്കുകയും ചെയ്തു. തന്റെ മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഡിവൈഎസ്പി പിന്നീട് നിലപാട് എടുത്തതുകൊണ്ട് ഹൈക്കോടതി ഇത് തള്ളിക്കളഞ്ഞു.














