തിരുവനന്തപുരം ∙ സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർഥിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലുള്ള വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 7 വിദ്യാർഥികൾ മദ്യപിച്ചത്. സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും ഷർട്ടും ധരിച്ച ഇവർ പ്ലാമൂടുള്ള ബെവ്കോ ഔട്‌ലെറ്റിൽ നിന്നാണു മദ്യം വാങ്ങിയത്.
വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിച്ചെന്നാണു സൂചന. അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർഥി കുഴഞ്ഞുവീഴുകയായിരുന്നു. 5 പേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി മ്യൂസിയം പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് വിദ്യാർഥിയെ മെഡിക്കൽ കോളജിലേക്കു മാറ്റിയത്. അവശനിലയിലുള്ള വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തിൽ മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നു. കേസെടുത്തിട്ടില്ല. വിദ്യാർഥികൾക്ക് ബെവ്കോയിൽ നിന്ന് എങ്ങനെ മദ്യം ലഭിച്ചുവെന്നതിനെക്കുറിച്ചും അന്വേഷിക്കും. മുണ്ടും ഷർട്ടും ധരിച്ചെത്തിയവർ വിദ്യാർഥികളാണെന്ന് ബെവ്കോ ജീവനക്കാർക്കു തിരിച്ചറിയാനായില്ലെന്നാണു സൂചന.