അലനല്ലൂർ ∙ മകന്റെ വീടിന്റെ പാലുകാച്ചൽ ദിനത്തിൽ പിതാവിനു കേരള ലോട്ടറി ഒന്നാം സമ്മാനം. ഭീമനാട് പെരിമ്പടാരി പുത്തൻപള്ളിയാലിൽ കൃഷ്ണൻകുട്ടിക്കാണ് ഇന്നലെ നറുക്കെടുത്ത കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.
കൂലിപ്പണിക്കാരനായ ഇദ്ദേഹം പല ദിവസങ്ങളിലും മൂന്നും നാലും ടിക്കറ്റുകൾ എടുക്കാറുണ്ട്. ചെറിയ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം നേടുന്നത് ആദ്യമാണ്. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഇദ്ദേഹത്തിനു ഭാര്യയും മൂന്നു മക്കളുമുണ്ട്. മൂത്ത മകൻ അനീഷ് ബാബുവിന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ഇന്നലെ. ഇതിനിടെയാണ് ഒന്നാം സമ്മാനവാർത്ത എത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പെരിമ്പടാരിയിലെ ലോട്ടറി വിൽപനക്കാരൻ മാമ്പറ്റ അബ്ദുവിൽ നിന്നു വാങ്ങിയ 4 ടിക്കറ്റുകളിൽ MV122462 എന്ന നമ്പറിനാണു സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനം കിട്ടിയ വിവരം ലോട്ടറി വിൽപനക്കാരൻ തന്നെയാണ് ഇദ്ദേഹത്തെ അറിയിച്ചത്. ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അലനല്ലൂർ ശാഖയിൽ ഏൽപിച്ചു.