നെഞ്ചിൽ കത്തി തറച്ച നിലയിൽ പതിനഞ്ചുകാരൻ പോലീസ് സ്റ്റേഷനിൽ കടന്നുവന്നപ്പോൾ പോലീസുകാർ ഞെട്ടി. മധ്യ ഡൽഹിയിലെ പഹാഡ്ഗഞ്ച് പ്രദേശത്ത് സ്കൂളിന് പുറത്തുവെച്ചാണ് വിദ്യാർത്ഥിയെ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചത്. മൂന്നു പേരെയും പോലീസ് പിടികൂടി.
സെപ്റ്റംബർ നാലിനാണ് സംഭവം. കുട്ടിയെ ഉടൻ കലാവതി ശരൺ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ച് ഡോക്ടർമാർ നെഞ്ചിൽ തറച്ച കത്തി നീക്കം ചെയ്തുവെന്നും പോലീസ് അറിയിച്ചു.സംഭവം നടക്കുന്നതിന് രണ്ടാഴ്ച്ച മുൻപ്, പ്രതികളിലൊരാളെ ചില ആൺകുട്ടികൾ ചേർന്ന് മർദ്ദിച്ചിരുന്നു. ഈ ആക്രമണത്തിന് പ്രേരിപ്പിച്ചത് വിദ്യാർത്ഥിയാണെന്ന് സംശയിച്ചാണ് പ്രതികാരം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ കുട്ടിയും രണ്ട് കൂട്ടുകാരും സ്കൂൾ ഗേറ്റിന് സമീപംവെച്ച് വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ഒരു കുട്ടി കത്തികൊണ്ട് കുത്തിയപ്പോൾ മറ്റുള്ളവർ അവനെ പിടിച്ചുവെച്ചു. കുത്തുന്നതിന് മുൻപ് അവരിലൊരാൾ പൊട്ടിയ ബിയർ കുപ്പി കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.’ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) നിധിൻ വൽസൻ പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം നടത്തിയ റെയ്ഡുകളിൽ പതിനഞ്ചും പതിനാറും വയസ്സുള്ള മൂന്ന് പ്രതികളെയും ആരാംബാഗ് പ്രദേശത്തുനിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കുത്താനുപയോഗിച്ച കത്തിയും പൊട്ടിയ ബിയർ കുപ്പിയും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.