Kerala

ഇന്ന് മാനത്ത് വർണ്ണചിത്രം വിരിയും, പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുക രാത്രിയോടെ; ഇന്ത്യയിൽ മുഴുവനായും ദൃശ്യമാകും

ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ ഭാഗങ്ങളും ഓസ്ട്രേലിയയും ഈ ആകാശനാടകത്തിന് സാക്ഷികളാകും. ഗ്രഹണം ദൃശ്യമാകുന്ന ഭൂപ്രദേശങ്ങളും നവമാധ്യമങ്ങളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ ഇന്നേവരെയുള്ളതിൽ ഏറ്റവും കൂടുതൽ ആളുകൾ ദൃക്സാക്ഷികളാകാൻ പോകുന്ന ഗ്രഹണമായിത് മാറിയേക്കും.

മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഈ നിഴൽ നാടകത്തിലെ ഭാഗികഗ്രഹണം രാത്രി ഏതാണ്ട് 9.58 മുതൽ ആരംഭിക്കും.11.01 (പിഎം) മുതൽ 12.22 (എഎം) വരെ ഗ്രഹണത്തിന്റെ പൂർണ്ണഘട്ടമാണ്. ഗ്രഹണപൂർണ്ണത ഏതാണ്ട് 82 മിനിട്ടാണ്. ഭാഗികഗ്രഹണം തിങ്കളാഴ്ച പുലർച്ചെ 1.26 ന് അവസാനിക്കും. ഗ്രഹണം പൂർണ്ണമാവുമ്പോൾ ചന്ദ്രനിൽ കാണപ്പെടുന്ന നിറംമാറ്റം ഏറെ ശ്രദ്ധേയമാണ്. പൂർണ്ണ ചന്ദ്രഗ്രഹണ വേളയിൽ സൂര്യപ്രകാശത്തെ ഭൂമി മറയ്ക്കുമെങ്കിലും ഭൗമാന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന സൂര്യരശ്മികൾ ചന്ദ്രബിംബത്തിൽ വർണ്ണചിത്രം വരക്കും. ഇത് ഇളം മഞ്ഞയോ, ഓറഞ്ചോ, ചുവപ്പോ ഒക്കെയാവാം. ചിലപ്പോൾ ഇവ ഇടലർന്ന നിറവുമാകാം. പലരും പ്രചരിപ്പിക്കുന്ന പോലെ എപ്പോഴും ചുവപ്പ് ആയിക്കൊള്ളണമെന്നില്ല. ഭൗമാന്തരീക്ഷത്തിന്റെ പ്രത്യേകതയാണ് ഈ നിറത്തെ നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണ്ണ ചന്ദ്രഗ്രഹണസമയങ്ങൾ ഭൗമാന്തരീക്ഷപഠനത്തിന് സുവർണ്ണാവസരമാണ്.

സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്ഥമായി ചന്ദ്രഗ്രഹണം കാണാൻ യാതൊരു തരത്തിലുള്ള ഉപകരണങ്ങളുടെയും ആവശ്യമില്ല. പ്രകാശമലിനീകരണവും പൊടിപടലങ്ങളും കുറവുള്ള നാട്ടിൻപുറമാണ് ഗ്രഹണനിരീക്ഷണത്തിന് ഏറെ യോഗ്യം. എസ്എൽആർ ക്യാമറകളിലും ലോ ലൈറ്റ് സെൻസിറ്റിവിറ്റിയും അൽപം ഒപ്റ്റിക്കൽ സൂമും ഉള്ള മൊബൈൽ ക്യാമറകളിലും ഗ്രഹണചന്ദ്രന്റെ ചിത്രമെടുക്കാം. 2022 ന് ശേഷം എല്ലാ ഘട്ടങ്ങളും കാണാൻ കഴിയുന്ന പൂർണ്ണ ചന്ദ്രഗ്രഹണത്തിന് നമ്മുടെ നാട് സാക്ഷിയാകുന്നത് ഇപ്പോഴാണ്. അതുപോലെ നമുക്ക് കാണാൻ കഴിയുന്ന അടുത്ത പൂർണ്ണചന്ദ്ര ഗ്രഹണമാകട്ടെ 2028 ഡിസംബർ 31നും. അതുകൊണ്ട് ഈ സുവർണ വേള പാഴാക്കാതിരിക്കണമെന്ന് അമച്വർ വാനനിരീക്ഷകനും അസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.