Kerala

ഹൃദയം മാറ്റിവയ്ക്കാൻ 13കാരിയുടെ യാത്ര വന്ദേഭാരതിൽ, ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ

കൊച്ചി ∙ വൈകിട്ട് 5.07ന് കൊല്ലത്തു നിന്നു പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത് കൃത്യം ഏഴു മണിക്ക്. അച്ഛന്റെ തോളിലേറി 13കാരി സ്റ്റേഷനു പുറത്തെത്തി. കാത്തു കിടന്ന ആംബുലൻസ് പൊലീസ് അകമ്പടിയോടെ 4 കിലോമീറ്റർ അകലെയുള്ള ലിസി ആശുപത്രിയിലേക്ക് കുതിച്ചു. ഇനി പ്രതീക്ഷയുടെ മണിക്കൂറുകൾ. റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി മള്ളുശ്ശേരി പാലമറ്റത്ത് ബിജുവിന്റെ മകൻ ബിൽജിത്തിന്റെ (18) ഹൃദയം സ്വീകരിക്കാൻ പെൺകുട്ടിയുടെ ശരീരം തയാറാണെന്ന് പരിശോധയിൽ തെളിഞ്ഞാൽ ഇന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കും.

കൊല്ലത്ത് വാഹനാപകടത്തിൽ കൊല്ലപ്പട്ട ഐസക് ജോർജിന്റെ ഹൃദയം അങ്കമാലി സ്വദേശിയിൽ തുന്നിപ്പിടിപ്പിച്ചതിന്റെ തൊട്ടു പിറ്റേന്നാണ് ഇതേ ആശുപത്രി മറ്റൊരു ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുന്നത്.അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലാണ് ബിൽജിത്തിനു മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. പുതിയ ഹൃദയം സ്വീകരിക്കാൻ പെൺകുട്ടി തയാറാണെന്നു പരിശോധനയിൽ വ്യക്തമായാൽ അങ്കമാലിയിൽ നിന്നു റോഡ് മാർഗം ഹൃദയം കൊച്ചിയിലേക്ക് എത്തിക്കും. തുടർന്ന് രാത്രി പത്തു മണിയോടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കും എന്നാണ് വിവരം.

ഏറെനാളായി ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള 13കാരി രണ്ടു വർഷത്തോളമായി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കലാണ് പ്രതിവിധി എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. പിന്നീട് പുതിയ ഹൃദയത്തിനുള്ള കാത്തിരിപ്പായിരുന്നു. ഹൃദയം ലഭ്യമാണെന്നും പരിശോധനകൾക്കായി എത്രയും വേഗം എത്തണമെന്നും പെൺകുട്ടിയുടെ കുടുംബത്തിന് ആശുപത്രിയിൽ നിന്ന് അറിയിപ്പ് എത്തുന്നത് ഇന്നാണ്. എയർആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് വൈകിട്ടത്തെ വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.ഈ മാസം രണ്ടിനു രാത്രി അത്താണി കരിയാഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ബിൽജിത്തിനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സർജറിക്ക് വിധേയമാക്കിയിരുന്നു. പരുക്ക് ഗുരുതരമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ ഇന്ന് സ്ഥിരീകരിച്ചു. തീരാവേദനയ്ക്കിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബിൽജിത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചു. ഹൃദയത്തിനു പുറമെ വൃക്കകളും കരളും ചെറുകുടലും കണ്ണുകളും ഇനി മറ്റ് ശരീരങ്ങളിൽ തുടിക്കും. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ ആശുപത്രിയുടെ ന്യൂറോ സർജറി വിഭാഗത്തിൽ കഴിയുന്ന ബിൽജിത്തിനെ പത്തു മണിയോടുകൂടി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.