പുൽപ്പള്ളി∙ ‘എന്റെ പ്രവർത്തനങ്ങളിൽ അസൂയ പൂണ്ട ആളുകൾ സമൂഹത്തിൽനിന്ന് എന്നെ ഇല്ലാതാക്കാൻ, എന്റെ രക്തത്തിനായി ദാഹിക്കുന്നു’–കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത പഞ്ചായത്ത് അംഗം മൂന്നുപാലം സ്വദേശി ജോസ് നെല്ലേടത്തിന്റെ (57) അവസാന വിഡിയോ സന്ദേശം പുറത്ത്. മരിക്കുന്നതിനു തലേന്ന് പ്രാദേശിക മാധ്യമ പ്രവർത്തകനെ വിളിച്ചു വരുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്.
‘‘സമൂഹത്തിൽ ഞാൻ വലിയ അഴിമതിക്കാരനാണെന്നു ചിത്രീകരിച്ചു. ഒരു കാര്യവും അനർഹമായി കൈപ്പറ്റിയിട്ടില്ല. വ്യക്തി എന്ന നിലയിൽ ആരോപണങ്ങൾ താങ്ങാൻ കഴിയുന്നില്ല. ആളുകളെ സഹായിക്കാതെ തള്ളിക്കളഞ്ഞിട്ടില്ല. പരിഷ്കൃത സമൂഹത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ല’’– വിഡിയോ സന്ദേശത്തിൽ പറയുന്നു. ആത്മഹത്യക്കുറിപ്പിലും സമാന ആരോപണങ്ങളുണ്ട്.
ഗ്രൂപ്പുവഴക്കിന്റെ ഭാഗമായുണ്ടായ കള്ളക്കേസിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് 17 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെയാണ് കോൺഗ്രസ് പഞ്ചായത്ത് അംഗമായ ജോസ് നെല്ലേടം (57) ജീവനൊടുക്കിയത്. ജോസ് അടക്കമുള്ളവർക്ക് കള്ളക്കേസിൽ പങ്കുണ്ടെന്ന് ജയിലിൽ കഴിഞ്ഞ വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു.
ഇന്നലെ രാവിലെ ഒൻപതരയോടെ വീടിനു തൊട്ടടുത്തുള്ള കുളക്കരയിൽ വച്ചു വിഷലായനി കഴിച്ച ജോസ് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും കാലിൽ കയർ കെട്ടുകയും ചെയ്ത ശേഷം കുളത്തിലേക്കു ചാടുകയുമായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽവാസി കുഞ്ചറക്കാട്ട് ബെന്നിയാണ് ജോസിനെ കരയ്ക്കു കയറ്റിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു മരണം.
ജോസ് ഉൾപ്പെടുന്ന കോൺഗ്രസിലെ ഒരു വിഭാഗവും തങ്കച്ചനുമായി ഏതാനും മാസങ്ങളായി കടുത്ത ഭിന്നതയുണ്ട്. ജോസും ഈ വിഭാഗത്തിലെ മറ്റു ചില നേതാക്കളുമാണ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതെന്ന തങ്കച്ചന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 22ന് രാത്രിയാണു കർണാടക മദ്യവും സ്ഫോടക വസ്തുക്കളും സഹിതം തങ്കച്ചനെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. തുടരന്വേഷണത്തിൽ, യഥാർഥ പ്രതി മരക്കടവ് സ്വദേശി പ്രസാദിനെ അറസ്റ്റ് ചെയ്തു.സംഭവവുമായി നേരിട്ടു ബന്ധമുണ്ടെന്നു സംശയിക്കുന്നയാൾ കുറെ ദിവസങ്ങളായി ഒളിവിലാണ്. തങ്കച്ചന്റെ പരാതിയിൽ ജോസിനെ പൊലീസ് തെളിവെടുപ്പിനു വിളിപ്പിച്ചിരുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ജോസിനെതിരായ പോസ്റ്റുകളും വ്യാപകമായി. ഒളിവിലാണെന്ന പ്രചാരണവും ജോസിനെ മാനസികമായി തളർത്തിയെന്നും പറയുന്നു.
പരമ്പരാഗത കോൺഗ്രസുകാരനായിരുന്ന ജോസ് നെല്ലേടം പാർട്ടിയുടെ പ്രദേശിക നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ പലപ്പോഴും പാർട്ടിയിൽനിന്നു പുറത്തായെങ്കിലും സ്വതന്ത്രനായി വൻഭൂരിപക്ഷത്തിൽ വിജയിച്ച് തന്റെ ജനസ്വീകാര്യത തെളിയിച്ചിരുന്നു. കക്ഷിരാഷ്ട്രീയം നോക്കാതെ നാട്ടിലെ ഏതുകാര്യത്തിനും മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ജോസ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. ഇത്തവണ സ്വതന്ത്രനായി വിജയിച്ച ജോസ് 8 മാസം മുൻപാണ് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി മണ്ഡലം വൈസ് പ്രസിഡന്റായത്.