Kerala

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിക്കാൻ അനുമതി

സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകും.നിലവില്‍ സ്വന്തം ഭൂമിയില്‍ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു.

അതിനാല്‍ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ല. നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ബില്ല്. റവന്യൂ വകുപ്പ് പതിച്ചു നല്‍കിയ ഭൂമിയില്‍ ഉള്ള, സര്‍ക്കാരിലേയ്ക്ക് റിസര്‍വ്വ് ചെയ്ത ചന്ദന മരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വരുത്തേണം. കോടതിയില്‍ എത്തുന്ന വന കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പ് ചെയ്യാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങള്‍ കോടതിയുടെ അനുമതിയോടെ ഒത്തുതീര്‍പ്പ് ചെയ്യുന്നതിനുള്ള വ്യവസ്ഥയും ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.