കാബൂള്‍∙ അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. ‘അധാർമികമായ’ കാര്യങ്ങൾ തടയാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്ന് താലിബാൻ വ്യക്തമാക്കി. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ താലിബാൻ രണ്ടാഴ്ചയായി നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇന്റർനെറ്റ് നിരോധിച്ചതോടെ വിമാന സർവീസുകൾ താറുമാറായി.
രാജ്യം പൂർണമായും കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടിൽ’ (ഇന്റർനെറ്റില്ലാതെ എല്ലാം നിശ്ചയം) ആണെന്ന് ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. കാബൂളിലെ ഓഫിസുമായുള്ള മൊബൈൽ ഫോൺ സേവനം ഉൾപ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പി അറിയിച്ചു. മൊബൈൽ ഇന്റർനെറ്റും സാറ്റലൈറ്റ് ടിവിയും അഫ്ഗാനിസ്ഥാനിലുടനീളം തടസ്സപ്പെട്ടു.
2021ൽ അധികാരം പിടിച്ചെടുത്തതു മുതൽ താലിബാൻ ഇസ്ലാമിക ശരിയത്ത് നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിനനുസരിച്ച് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളെയും ഇത് ബാധിച്ചു. ബാങ്കിങ് സേവനങ്ങളും മറ്റ് പ്രവർത്തനങ്ങളും തടസ്സപ്പെട്ടു. ഇന്റർനെറ്റിന് വേഗം കുറയുന്നതായി ആഴ്ചകളായി പരാതിയുണ്ടായിരുന്നു. ഇന്റർനെറ്റ് ലഭ്യതയ്ക്കായി ബദൽ മാർഗം സൃഷ്ടിക്കുമെന്ന് നേരത്തെ താലിബാൻ പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.














