പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും കനത്ത സുരക്ഷാ സംവിധാനങ്ങളുമുള്ള പാരീസിലെ ലുവർ മ്യൂസിയത്തിൽ അമൂല്യവസ്തുക്കൾ കവർന്നത് വെറും ഏഴ് മിനിറ്റിനുള്ളിൽ. സെയ്ൻ നദിക്ക് അഭിമുഖമായുള്ള മുൻവശത്ത് നിന്ന് അതിസാഹസികമായി മ്യൂസിയത്തിനുള്ളിൽ കടന്ന മോഷ്ടാക്കൾ കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു.
മോഷണത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മ്യൂസിയം അടച്ചു.മോഷണം അതിവേഗവും കൃത്യതയാർന്നതുംഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് മോഷണത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തത്.രാവിലെ 9.30-നും 9.40-നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോർട്ട്. മോഷണം പൂർത്തിയാക്കാൻ മോഷ്ടാക്കൾക്ക് വെറും ഏഴ് മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്.കള്ളന്മാർ ഒരു തരം ഹൈഡ്രോളിക് ഏണി (ചെറി പിക്കർ/ബാസ്കറ്റ് ലിഫ്റ്റ്) ഉപയോഗിച്ച് പുറത്തുനിന്ന് ഗാലറിയിലേക്ക് എത്തുകയായിരുന്നു. മോഷ്ടാക്കൾ സ്‌കൂട്ടറിലാണ് സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്.
ജനാലയുടെ ഗ്ലാസുകൾ ഡിസ്ക് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് സംഘം അകത്ത് കടന്നതെന്ന് മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു.മോഷ്ടാക്കൾ ലക്ഷ്യമിട്ടത് നെപ്പോളിയന്റെ ശേഖരമായിരുന്നെന്നാണ് റിപ്പോർട്ട്. മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. ഗാലറി ഡി അപ്പോളോണിലെ (അപ്പോളോ ഗാലറി) പ്രദർശനവസ്തുക്കളെയാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. നെപ്പോളിയന്റെയും അദ്ദേഹത്തിന്റെ പത്‌നി ജോസഫൈൻ ചക്രവർത്തിനിയുടെയും ആഭരണ ശേഖരത്തിൽ നിന്ന് ഒമ്പതെണ്ണം മോഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളിൽ ഒന്ന് മ്യൂസിയത്തിന് പുറത്ത് നിന്ന് കണ്ടെത്തി. ഇത് യൂജിൻ ചക്രവർത്തിനിയുടെ കിരീടമാണെന്നാണ് സൂചന.ലുവർ മ്യൂസിയം പോലെ കനത്ത സുരക്ഷയുള്ള സ്ഥലത്ത് ഇത്ര എളുപ്പത്തിൽ മോഷണം നടന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് പാരീസ് സെന്റർ മേയർ ഏരിയൽ വെയ്ൽ പ്രതികരിച്ചു. “ഇതുവരെ ഇതൊരു സിനിമാക്കഥയായിരുന്നു. ലുവറിൽ മോഷണം നടത്തുന്നത് ഇത്ര എളുപ്പമാണെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്,” അദ്ദേഹം പറഞ്ഞു.