Kerala

‘അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു’; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

തിരുവനന്തപുരം: ബാത്ത് റൂമില്‍ പോയ ശേഷം ഇറങ്ങിയപ്പോള്‍ ശ്രീക്കുട്ടിയെ നടുവിന് ചവിട്ട് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പരിക്കേറ്റ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതി ആക്രമിച്ചത്. ശ്രീക്കുട്ടിയെ ചവിട്ടിത്താഴെയിട്ടതു കണ്ടു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും തള്ളിയിടാന്‍ ശ്രമിച്ചു. ചവിട്ടുപടിയില്‍ പിടിച്ചുനില്‍ക്കാനായതുകൊണ്ടും മറ്റു യാത്രക്കാര്‍ ഇടപെട്ടതുകൊണ്ടുമാണ് താഴെ വീഴാതിരുന്നത്. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അര്‍ച്ചന ട്രെയിനില്‍ നേരിട്ട ദുരനുഭവം വിവരിച്ചു.

ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ പാലോട് സ്വദേശിനി ശ്രീക്കുട്ടി എന്ന സോനു (19 ) വിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെന്റിലേറ്ററിലായിരുന്നു യുവതി. ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായാണ് റിപ്പോര്‍ട്ട്. യുവതിയെ തള്ളിയിട്ട പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കല അയന്തി ഭാഗത്തു വെച്ചായിരുന്നു യുവതികള്‍ക്ക് നേരെ അതിക്രമം ഉണ്ടായത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് അക്രമം ഉണ്ടായത്. ആലുവയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നും അർച്ചന പറഞ്ഞു. കാര്യമായ പ്രകോപനമില്ലാതെയാണ് പ്രതി ആക്രമിച്ചത്. സോനുവിനെ തള്ളിയിട്ടപ്പോൾ ബഹളം വച്ചതിനാണ് തന്നെയും തള്ളിയിടാൻ ശ്രമിച്ചതെന്നും ചവിട്ടുപടിയിൽ പിടിച്ചുനിന്ന തന്നെ, യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ ശേഷം രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അർച്ചന പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.