ന്യൂഡൽഹി∙ ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുമെന്നാണ് വിവരം. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ ഇവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും.
ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരെ അറസ്റ്റ് ചെയ്യുകയും സ്ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതിനു പിന്നാലെ സ്ഫോടനത്തിൽ ഉൾപ്പെട്ട കാറിന്റെ ഉടമയായ ഉമർ പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തുകയും ചെയ്തതായാണ് വിവരം. ഉമർ കാറിൽ ഒപ്പം ഉണ്ടായിരുന്നവരുമായി ആക്രമണം ആസൂത്രണം ചെയ്യുകയും കാറിൽ ഒരു ഡിറ്റണേറ്റർ സ്ഥാപിക്കുകയും ചെയ്തതായും ആണ് റിപ്പോർട്ടുകൾ. ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ അമോണിയം നൈട്രേറ്റ് സ്ഫോടനത്തിൽ ഉപയോഗിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു.














