Latest

ധീരനായ മകനെയോർത്ത് അഭിമാനം’: തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച നമാംശ് സ്യാലിന്റെ ഓർമയിൽ നാട്

ന്യൂഡൽഹി ∙ വീര്യമൃത്യു വരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ഓർമയിൽ സ്വദേശമായ ഹിമാചൽപ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാൽ വിടപറയുമ്പോഴും ധീരനായ മകനെയോർത്ത് അഭിമാനിക്കുകയാണ് അവർ. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാൽ, അവസാന നിമിഷം വരെയും തന്റെ കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന് പ്രിയപ്പെട്ടവർ അനുസ്‌മരിച്ചു. ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണാണ് വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിച്ചത്.

ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയമനം. ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്സാനും അ‍ഞ്ച് വയസ്സുള്ള മകൾക്കുമൊപ്പമാണ് നമാംശ് ഹൈദരാബാദിൽ താമസിച്ചിരുന്നത്. പിതാവ് ജഗൻ നാഥ് റിട്ട. ആർമി ഓഫിസറും ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി. ധീരനായ പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു. വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ധീരതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ദുബായ് എയർ ഷോ നടക്കുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (ദുബായ് വേൾഡ് സെന്റർ) ഒന്നര കിലോമീറ്ററകലെ യുഎഇ സമയം ഉച്ചയ്ക്കു 2.15ന് (ഇന്ത്യൻ സമയം വൈകിട്ട് 3.45) ആയിരുന്നു അപകടം. എയർ ഷോയിൽ കാണികൾക്കു മുന്നിൽ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. വ്യോമാഭ്യാസത്തിനിടെ രണ്ടുതവണ കുത്തനെ മുകളിലേക്കുയർന്നു കരണംമറിഞ്ഞശേഷം മൂന്നാമതും ഇതാവർത്തിക്കാൻ ശ്രമിക്കുമ്പോൾ താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു. മലയാളികളടക്കം ആയിരക്കണക്കിനു പേർ ഷോ കാണാനെത്തിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.