കീഴ്‌വായ്പൂർ (പത്തനംതിട്ട)∙ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്നും 1.40 കോടിരൂപ തട്ടിയെടുത്തു. മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്.
ഷേർലി ഡേവിഡിനെ 18–ാം തീയതി അജ്ഞാതൻ ഫോണിൽ വിളിച്ചു മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. ഷേർലിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പു നടത്തിയതിനു സൈബർ കേസ് എടുത്തിട്ടുണ്ടെന്ന് അറിയിച്ചു. മുംബൈയിലെ സ്റ്റേഷനിൽനിന്ന് ജാമ്യം എടുക്കണമെന്നും അല്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നും പറഞ്ഞു. വെർച്വൽ അറസ്റ്റിലാണെന്നും ഇക്കാര്യം ആരോടും പറയരുതെന്നും നിർദേശിച്ചു. പിന്നാലേ, മറ്റൊരു നമ്പരിൽനിന്നും കോൾ വന്നു. ഷേർലിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷംരൂപ അനധികൃതമായി വന്നിട്ടുണ്ടെന്നും ഈ കേസ് സിബിഐക്ക് കൈമാറുകയാണെന്നും അറിയിച്ചു.
റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു അക്കൗണ്ട് നമ്പർ നൽകി. അതിലേക്ക് പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. 90.50 ലക്ഷം രൂപ ദമ്പതികൾ അയച്ചു കൊടുത്തു. 20–ാം തീയതി വീണ്ടും വാട്സാപ് കോളിലൂടെ ബന്ധപ്പെട്ട് 50 ലക്ഷം രൂപ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. 21–ാം തീയതിയും ആവശ്യപ്പെട്ട പണം അയച്ചു കൊടുത്തു. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ദമ്പതികൾ ബാങ്കിലെത്തി. അവിടെനിന്ന് വിവരം അറിഞ്ഞ് കീഴ്‌വായ്പൂർ പൊലീസെത്തി പണം അയയ്ക്കുന്നത് തടഞ്ഞു. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ നടപടികൾ സ്വീകരിച്ചു. പണം നഷ്ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് നാട്ടിൽ വന്നത്.














