അഹമ്മദാബാദ് ∙ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്‌കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്കൂളിൽ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.
നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്. നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും വലതുകൈയ്യിൽ ഇൻജക്ഷൻ നൽകുകയും ചെയ്തതായും പെൺകുട്ടി പറഞ്ഞു. ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്. അജ്ഞാത വ്യക്തിയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജാപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജി.എ. സോളങ്കി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുത്തിവച്ചത് എന്താണെന്ന് അറിയാൻ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.














