ന്യൂഡൽഹി∙ ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകർന്നു വീഴുന്നതിനു മുൻപായി വിങ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം. വിമാനം പെട്ടെന്ന് താഴേക്ക് വീണതിനാൽ സീറ്റിൽനിന്നും ഇജക്ട് ചെയ്തു രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിനു സാങ്കേതിക പിഴവുണ്ടായോ, പൈലറ്റിന്റെ ആരോഗ്യനിലയിൽ പ്രശ്നമുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലാണ്. അന്വേഷണ സംഘം ദുബായ് വ്യോമയാന അതോറിറ്റിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. നമാംശിന്റെ സംസ്കാരം ഇന്ന് സ്വദേശമായ ഹിമാചൽ പ്രദേശിൽ നടക്കും.
മൂന്നാം തവണ വിമാനം കരണം മറിയുമ്പോൾ നമാംശ് സ്യാൽ ഉദ്ദേശിച്ചതിനേക്കാൾ ഏറെ താഴേക്ക് വന്നിട്ടുണ്ടാകുമെന്നും ഇതിനിടെ നിയന്ത്രണം നഷ്‌ടപ്പെടുകയോ ബോധക്ഷയമുണ്ടാകുകയോ ചെയ്‌തിട്ടുണ്ടാകാമെന്ന് പ്രതിരോധ വിദഗ്ധനും റിട്ട. ക്യാപ്റ്റനുമായ അനിൽ ഗൗർ മാധ്യമങ്ങളോട് പറഞ്ഞു. ബ്ലാക് ബോക്സ് പരിശോധനയിൽ ഇക്കാര്യം വ്യക്തമാകും. ദുബായ് എയർ ഷോ ആരംഭിക്കുന്നതിനു മുൻപ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തുമായും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലുമായും നമാംശ് സ്യാൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നമാംശ് പുഞ്ചിരിയോടെ സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രണ്ടുതവണ കുത്തനെ മുകളിലേക്കുയർന്നു കരണം മറിഞ്ഞശേഷം മൂന്നാമതും ഇതാവർത്തിക്കാൻ ശ്രമിക്കുമ്പോൾ വിമാനം താഴേക്കു പതിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ദുബായ് എയർ ഷോ നടക്കുന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് (ദുബായ് വേൾഡ് സെന്റർ) ഒന്നര കിലോമീറ്ററകലെ ആയിരുന്നു അപകടം. മലയാളികളടക്കം ആയിരക്കണക്കിനു പേർ ഷോ കാണാനെത്തിയിരുന്നു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തുമെന്നു യുഎഇയും അറിയിച്ചു. ‘തേജസ്’ 2016ലാണ് വ്യോമസേനയുടെ ഭാഗമായത്. കഴിഞ്ഞ കൊല്ലം മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സൽമേറിൽ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.














