കൊൽക്കത്ത∙ യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ ഗാർഗ് മരിച്ചത്. സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സുബീന്, സ്കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
‘‘സുബീൻ ഗാർഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും അസം പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഒരാൾ ഗാർഗിനെ കൊലപ്പെടുത്തി. മറ്റുള്ളവർ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.’’–പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി.
ഇമ്രാൻ ഹഷ്മിയും കങ്കണ റനൗട്ടും അഭിനയിച്ച ഗാങ്സ്റ്റർ സിനിമയിലെ ‘യാ അലി’ എന്ന ഹിറ്റ് പാട്ടിലൂടെയാണ് ബോളിവുഡിന്റെ പ്രിയഗായകനായത്. ഋതിക് റോഷൻ അഭിനയിച്ച ക്രിഷ് 3 തുടങ്ങിയ സിനിമകളിലും പാടി. ചലച്ചിത്ര നടനായും സംവിധായകനായും സംഗീത സംവിധായകനായും തിളങ്ങി. വൻ ഹിറ്റുകളായി മാറിയ മിഷൻ ചൈന, കാഞ്ചൻജംഗ തുടങ്ങിയ അസമീസ് സിനിമകൾ സംവിധാനം ചെയ്തു, അഭിനയിച്ചു. ധോൽ, ദോതാര, ഡ്രംസ്, തബല തുടങ്ങി 12 സംഗീത ഉപകരണങ്ങളിൽ പ്രഗൽഭനായിരുന്നു.














