കോഴിക്കോട്: കഠിനമായ മത്സര പരീക്ഷ ജയിച്ച് മെഡിക്കല്‍ ബിരുദം നേടി ഡോക്ടര്‍മാരായി എത്തുന്നവരുടെ പിന്നീടുള്ള ജീവിതം എങ്ങനെയാണ്? അധ്വാനത്തിനും അര്‍പ്പണത്തിനും അനുസരിച്ചുള്ള പ്രതിഫലം അവര്‍ക്കു ലഭിക്കുന്നുണ്ടോ? ഇങ്ങനെയൊരു ചര്‍ച്ച ചൂടു പിടിക്കുകയാണ്, സോഷ്യല്‍ മീഡിയയില്‍. ജോലി സമ്മര്‍ദവും പ്രതിഫലമില്ലായ്മയും മൂലം പ്രൊഫഷന്‍ ഉപേക്ഷിച്ച രണ്ടു യുവ ഡോക്ടര്‍മാരുടെ അനുഭവം വിവരിച്ചുകൊണ്ടുള്ള വിഡിയോയാണ്, സൈബര്‍ ഇടത്തില്‍ പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായ അഫ്രീന അഷ്‌റഫും ഇര്‍ഫാന ഇബ്രാഹിമും അവരുടെ കരിയറില്‍ നിന്ന് പിന്‍മാറുന്നുവെന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഞെട്ടലുണ്ടാക്കുന്ന കഥകളാണ് ഇവര്‍ പങ്കുവെച്ചത്. വലിയ പിന്തുണയാണ് ഇവരുടെ കമന്റുകള്‍ക്ക് ലഭിച്ചത്.എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം അഫ്രീന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്ത് തുടങ്ങിയത്. അവിടെ അവരുടെ പ്രതിമാസ ശമ്പളം 40,000 രൂപയില്‍ താഴെയായിരുന്നു. കിട്ടുന്ന ശമ്പളത്തിന്റെ പകുതി വാടയ്ക്ക് പോകും. അതിജീവനം ബുദ്ധിമുട്ടായിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ ചെയ്യേണ്ട ജോലി ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥയാണുണ്ടായിരുന്നത്. നിരന്തരമായ സമ്മര്‍ദ്ദം മാനസികാരോഗ്യത്തെ തന്നെ ഇല്ലാതാക്കി. തുര്‍ന്നാണ് ജോലി വേണ്ടെന്ന് വെക്കാന്‍ തീരുമാനിക്കുന്നകും ക്രിയേറ്റീവായി എന്ത് ചെയ്യാം എന്ന് ആലോചിക്കുന്നതും. ഇപ്പോഴുള്ള ഇന്‍ഫ്‌ളുവന്‍സര്‍ ജോലിയില്‍ സന്തോഷവതിയാണ് അഫ്രീന.
ഡെന്‍റിസ്റ്റായ ഇര്‍ഫാന ഇബ്രാഹിമിന്റെ അനുഭവം ഇതിലും കഠിനമായിരുന്നു. അവസാനം ജോലി ചെയ്ത സ്ഥലത്ത് മാസ ശമ്പളം വെറും 8000 രൂപയായിരുന്നു. തുടര്‍ച്ചയായി രോഗികളെ ചികിത്സിക്കാന്‍ മണിക്കൂറുകളോളം ചെലവഴിച്ച ദിവസങ്ങള്‍. ഒന്ന് ചിരിക്കാന്‍ പോലും മറന്നു പോയ ദിനങ്ങള്‍. തന്റെ ജോലി സാമ്പത്തികമായും അല്ലാതെയും സുസ്ഥിരമല്ലെന്ന് മനസിലാക്കിയ അവര്‍ ജോലി പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. അഫ്രിയാനയെപ്പോലുള്ളവരുടെ വഴിയും സ്വാധീനിക്കാന്‍ കാരണമായി.ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയയില്‍ കമന്‍റുകള്‍ വരുന്നുണ്ട്. യുവ ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകണം എന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ അതും അത്രകണ്ട് ശ്വാശ്വതമല്ലെന്നാണ് ഇര്‍ഫാനയുടെ അഭിപ്രായം. ഓരോ വര്‍ഷവും നിരവധി ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നുണ്ട്. അവരില്‍ പലരും ഇന്ത്യയിലേയ്ക്ക് വരുന്നുണ്ടെങ്കിലും ഇവിടെ ഒരു ജോലി കണ്ടെത്താന്‍ പാടുപെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇത്തരം അഭിപ്രായത്തെ എല്ലാവരും പിന്തുണയ്ക്കുന്നില്ല. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഡെന്‍റിസ്റ്റ് ഡോ.സ്മിത റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. യുവ മെഡിക്കല്‍ പ്രൊഫഷനുകളുടെ മാറിക്കൊണ്ടിരിക്കുന്ന മനോഭാവങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് അവരുടെ കുറിപ്പ്. 1999ല്‍ ജോലിയില്‍ കയറുമ്പോള്‍ പ്രതിമാസം 7500 രൂപ മാത്രമായിരുന്നു ശമ്പളം. രാവിലെ മുതല്‍ ഉച്ചവരെ ഇടവേളകളില്ലാതെ ജോലി ചെയ്തു. പഠിക്കാനും വളരാനുമുള്ള അവസരമായാണ് അതിനെ കണ്ടതെന്നും അവര്‍ ഓര്‍മിക്കുന്നു. തുടര്‍ച്ചയായി തങ്ങളുടെ കഴിവുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ തയ്യാറുള്ള ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും കേരളത്തില്‍ നല്ല അവസരങ്ങള്‍ കണ്ടെത്താനാകുമെന്ന് ഡോ.സ്മിത പറയുന്നു. ബിരുദം നേടിയ ഉടനെ ഉയര്‍ന്ന ശമ്പളം പ്രതീക്ഷിക്കുന്ന യുവ ഡോക്ടര്‍മാരെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.














