തിരുവനന്തപുരം ∙ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വലിയമല പൊലീസാണ് കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. റൂറൽ എസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയിലെടുത്തിരുന്നു. ഗർഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.
ഇന്നലെ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇന്ന് കോടതിയിൽ അപേക്ഷ നൽകി യുവതിയുടെ രഹസ്യമൊഴി എടുപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമായി രാഹുൽ ചർച്ച ചെയ്തു. രാഹുലിനെതിരായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റിൽ റജിസ്റ്റർ ചെയ്ത ലൈംഗികാരോപണക്കേസ് പരാതിക്കാരിയുടെ നിസ്സഹകരണം കാരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല.
വിഷയം ഉയർന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽനിന്നും കോൺഗ്രസ് നിയമസഭാ കക്ഷിയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.














