ന്യൂഡല്‍ഹി: ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും അതുപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ആവർത്തിച്ച് സുപ്രീം കോടതി.രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നല്‍കാനാകുമെന്ന് ചോദിച്ചു. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങള്‍ എല്ലാവർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് ആധാർ എന്നും ഈ രേഖ ഉപയോഗിച്ച് വോട്ടവകാശം നല്‍കരുതെന്നും കോടതി പറഞ്ഞു.
വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം (എസ്‌ഐആർ) നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന നീക്കത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ഭാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികള്‍ പരിഗണിച്ചത്.’ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഒരു നിയരേഖയാണ് ആധാർ. അത് നല്‍കിയതുകൊണ്ട് മാത്രം ആ വ്യക്തിയെ വോട്ടർ ആക്കണോ? അയല്‍രാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിക്ക് എങ്ങനെ വോട്ടവകാശം നല്‍കും? ചീഫ് ജസ്റ്റിസ് ചോദിച്ചു. ആധാർ സമ്ബൂർണ പൗരത്വം തെളിയിക്കുന്നില്ലെന്നും അത് രേഖകളുടെ പട്ടികയില്‍ ഒന്നുമാത്രമായിരിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനായി നല്‍കുന്ന അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളുടെ കൃത്യത നിർണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്റ് ഓഫീസ് അല്ലെന്നും വിമർശിച്ചു.കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്‌ഐആറിനെ ചോദ്യംചെയ്യുന്ന ഹർജികള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സുപ്രീം കോടതി നിശ്ചയിച്ചു. ഡിസംബർ ഒന്നിനകം മറുപടി സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഉടൻ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.














