കരിപ്പൂർ ∙ ദുബായിൽനിന്നു നാട്ടിലേക്കു മടങ്ങുന്നതിനിടെ ബാഗേജിൽനിന്നു കാൽ ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടയാൾക്ക് 500 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. കഴിഞ്ഞ 19നു ദുബായിൽനിന്നു സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ തൃത്താല പടിഞ്ഞാറങ്ങാടി ചുങ്കത്ത് മുഹമ്മദ് ബാസിലിന്റെ പരാതിക്ക് ഇമെയിലായി ലഭിച്ച മറുപടിയിലാണു കമ്പനിയുടെ ‘ഓഫർ’.
കമ്പനിയുടെ ഭാഗത്ത് അപാകത കണ്ടെത്തിയിട്ടില്ലെന്നു പറയുന്ന കത്തിൽ, ബാഗിനു പുറമേയ്ക്കുണ്ടായ കേടുപാടുകൾക്കുള്ള നഷ്ടപരിഹാരമായാണ് 500 രൂപയെന്നാണു വിശദീകരണം. എന്നാൽ, വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ ബാഗ് കാണുമ്പോൾ പൊട്ടിച്ച നിലയിലായിരുന്നു എന്നു മുഹമ്മദ് ബാസിൽ പറയുന്നു. 23,000 രൂപ വിലവരുന്ന എയർപോഡ്, വിലകൂടിയ മിഠായികൾ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകി. ഒപ്പമെത്തിയ ബന്ധു ഇബ്രാഹിം ബാദുഷയുടെ പെട്ടിയിൽനിന്ന് 26,500 രൂപ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഈ പെട്ടിയുടെയും പൂട്ട് തകർത്ത നിലയിലായിരുന്നു. പരാതിയെത്തുടർന്നു യാത്രക്കാരുടെ സാന്നിധ്യത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിമാനത്താവളത്തിനുള്ളിൽ ലഗേജ് എത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല.














