മുണ്ടക്കയം (കോട്ടയം)∙ എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു.
ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ ഇറക്കം ആരംഭിക്കുന്നതിനു മുൻപ് പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി മുന്നറിയിപ്പുകൾ നൽകാറുണ്ട്. എന്നാൽ അമിതവേഗത്തിലും അശ്രദ്ധമായും ഇറക്കം ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.














