കൊച്ചി ∙ തേവര കോന്തുരുത്തിയിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോർജ് പദ്ധതിയിട്ടത് മൃതദേഹം സമീപമുള്ള പറമ്പിൽ കുഴിച്ചിടാൻ. ഇതിനായി സ്ത്രീയുടെ ബാഗ് അടക്കമുള്ള വസ്തുക്കൾ ഈ പറമ്പില്‍ കൊണ്ടിടുകയും ചെയ്തു. എന്നാൽ ജോർജിന്റെ വീടിനു സമീപമുള്ള പലചരക്കു കട വെളുപ്പിനെ തുറന്നതോടെ മൃതദേഹം അവിടേക്ക് നീക്കാൻ കഴിയാതെ പദ്ധതി പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് മൃതദേഹത്തിനൊപ്പം ഇരുന്നുറങ്ങുന്ന ജോർജിനെ വെളുപ്പിനെ ആറരയോടെ ഹരിതകർമസേനാംഗം കാണുന്നതും പിടിയിലാവുന്നതും.
മൂന്നു ദിവസം കസ്റ്റഡിയിൽ കിട്ടിയ ജോർജിനെ എറണാകുളം സൗത്ത് പൊലീസ് വീടിനു സമീപത്തെ പറമ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോർജിന്റെ വീടിനും കോന്തുരുത്തി പള്ളിക്കും ഇടയിലുള്ള വളവിനോടു ചേർന്നുള്ള ഈ സ്ഥലം ജോർജിനെ മേൽനോട്ടത്തിന് ഏൽപ്പിച്ചതാണ്. ഇതിന്റെ താക്കോലും ജോർജിന്റെ പക്കലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിടാനായിരുന്നു ജോർജിന്റെ പദ്ധതി. അതിനു മുൻപ് ബിന്ദുവിന്റെ പക്കലുണ്ടായിരുന്ന ബാഗുകൾ അടക്കം റോഡിൽ നിന്ന് മതിലിനു മുകളിലൂടെ പറമ്പിലേക്ക് ഇടുകയും ചെയ്തു. പിന്നീടാണ് ജോർജ് ചാക്ക് അന്വേഷിച്ചിറങ്ങിയത്.
മുക്കാൽ കിലോമീറ്ററോളം അകലെയുള്ള അപ്പക്കടയിൽ നിന്ന് ചാക്ക് വാങ്ങി കുഴിച്ചിടാനായിരുന്നു ജോർജ് തീരുമാനിച്ചത്. തുടർന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ പകുതിദൂരം വലിച്ചു കൊണ്ടു വന്നു. ഇതിനിടയിലാണ് വീടിന്റെ മുന്നിലുള്ള പലചരക്കുകകട തുറന്നത്. ഇതോടെ മൃതദേഹം വലിച്ചുകൊണ്ടു പോയാൽ പിടിക്കപ്പെടുമെന്ന് കണ്ട് ജോർജ് ഇടവഴിയിൽ തന്നെ ഇരിക്കുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. മദ്യലഹരിയിലായതിനാൽ നേരം വെളുത്തിട്ടും ഇവിടെ നിന്ന് എഴുന്നേൽക്കാൻ സാധിച്ചില്ല.
ഇക്കഴിഞ്ഞ 21ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. കോന്തുരുത്തി കൊടിയന്തറ കെ.കെ.ജോർജാണ് പാലക്കാട് സ്വദേശിയായ ബിന്ദുവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. ഭാര്യയും ജോര്‍ജും കൊച്ചുമകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ മകളുടെ വീടായ പാലായിൽ പോയി തിരികെ വന്നതിന്റെ അന്നായിരുന്നു സംഭവവികാസങ്ങൾ. ജോർജ് മാത്രമാണ് അന്ന് മടങ്ങി വന്നത്. ബാങ്കിൽ നിന്ന് 16,000 രൂപ അന്ന് ജോർജ് പിന്‍വലിച്ചിരുന്നു. പിന്നീട് തേവരയിലുള്ള ബാറിൽ കയറി മദ്യപിച്ചു. തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു സമീപത്തു നിന്ന് ബിന്ദുവിനേയും കൂട്ടി അപ്പവും ചിക്കൻ കറിയും വാങ്ങി ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോവുകയായിരുന്നു. 500 രൂപ പറഞ്ഞുറപ്പിച്ചായിരുന്നു ബിന്ദുവിനെ കൊണ്ടുവന്നതെങ്കിലും ഇവർ പണം കൂടുതൽ ചോദിച്ചതോടെ ഇരുമ്പുപാരയ്ക്ക് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ജോർജ് മൊഴി നൽകിയിരിക്കുന്നത് എന്നറിയുന്നു.ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവവറുടെ മൊഴി രേഖപ്പെടുത്തിയതായി സൗത്ത് എസ്എച്ച്ഒ പി.ആർ.സന്തോഷ് പറഞ്ഞു. തെളിവെടുപ്പിനും ആദ്യഘട്ട ചോദ്യം ചെയ്യലുകൾക്കും ശേഷം ജോർജിന്റെ ഭാര്യയുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.














